കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട: തൃശൂര്കൊടുങ്ങല്ലൂര് സംസ്ഥാന പാതയില്‍ കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം വീണ്ടും വാഹനപകടം. അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് കാറിലിടിച്ച് കരുവന്നൂര്‍ സ്വദേശി മരിച്ചു. കരുവന്നൂര്‍ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടില്‍ പരേതനായ ജോണി മകന് നിജു (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ദേവമാത ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ നിന്നും വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ജെസിബി കൊണ്ട് വന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ ഉണ്ടായിരുന്ന നിജുവിനെ പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഇത് വഴി വന്ന ബസുകള്‍ വഴി തിരിച്ച് വിട്ടു. ബസുകളുടെ അമിത വേഗതയെക്കുറിച്ച് നിരവധി തവണ ആര്‍ടിഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്നും റൂട്ടില്‍ റോഡ് പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ പുതിയ സമയക്രമം നല്കാന് അധികാരികള്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ വിമര്‍ശിച്ചു.
ഇറ്റലിയില്‍ ജോലി ചെയ്യുന്ന നിജു അവധി കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് അപകടം. അമ്മ: റോസി. ഭാര്യ: ജിജി. മക്കള്‍: അമല്‍ (മാള്‍ട്ട), അലീന (ബാംഗ്ലൂര്‍). സംസ്കാരം നാളെ രാവിലെ 10.30 ന് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.