മത്സരയോട്ടം; തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ ബസ് അപകടങ്ങള്‍ ഏറെ
ഇരിങ്ങാലക്കുട: തൃശൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍വരെ ബസില്‍ യാത്രചെയ്താല്പ്പിന്നെ മറ്റേതൊരു സാഹസികയാത്രയെയും ഭയക്കില്ല. വഴിയില്‍ മറ്റു വാഹനങ്ങളൊന്നുമില്ലെന്ന മട്ടാണ് ബസുകാര്‍ക്ക്. മറികടക്കുമ്പോള്‍ മറ്റ് വാഹനങ്ങളോടഴചേര്ന്നുപോകുകയും മറികടക്കാന്‍ അനുവദിക്കാത്ത വാഹനങ്ങളെ നീട്ടി ഹോണ്‍ മുഴക്കിയും ശകാരിച്ചും ഭയപ്പെടുത്തിയും എങ്ങനെയുംപോകാന് വഴിയുണ്ടാക്കുകയാണ് ഡ്രൈവര്‍മാരുടെ രീതി.
നിയമവും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി നടത്തുന്ന ബസ് സര്‍വീസുകളെപ്പറ്റി യാത്രക്കാരിലും നാട്ടുക്കാരിലും ഏറെ എതിര്‍പ്പ് ഉളവാക്കിയിട്ടുണ്ട്. ഈ റൂട്ടിലെ സ്വകാര്യ ബസ് യാത്രയില്‍ അമ്യുസ്മെന്റ് പാര്ക്കിലുള്ളതിനേക്കാള് കൂടുതല്‍ റൈഡുകളില്‍ കയറിയ അനുഭവംകിട്ടും. ലിമിറ്റഡ് സ്റ്റോപ്പ് ബസിലാണെങ്കില്പ്പിന്നെ പറയേണ്ട. ശ്വാസവും ജീവനും കൈയില്‍പിടിച്ച് ആടിയുലഞ്ഞ്, ചാടി, ചാഞ്ഞും ചെരിഞ്ഞുമുള്ള യാത്ര ഒരുവിധത്തില്‍ ഒരു അനുഭവം തന്നെയാണ്.
ഭയന്നോടും കാല്‍നടയാത്രികര്‍…മാര്‍ഗമല്ല, ലക്ഷ്യം പ്രധാനം
കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രികരും സ്വകാര്യ ബസുകളുടെ വരവുകണ്ടാല്‍ വഴി മാറുന്ന സ്ഥിതിയാണ്. ഏതുവഴി, എപ്പോള്‍ വരണമെന്നെല്ലാം ഡ്രൈവര്‍ തീരുമാനിക്കും എന്നതാണ് രീതി. ഇക്കാരണംകൊണ്ടാണ് ബസുകളുടെ മത്സരയോട്ടം കൂടുന്നത്. ബസുകളുടെ റണ്ണിംഗ് സമയം കൂട്ടാത്തതും സ്വകാര്യബസുകള്‍ക്ക് നിയന്ത്രണമില്ലാതെ പെര്‍മിറ്റ് നല്കുന്നതുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ഓരോ ബസിനും അനുവദിച്ചിട്ടുള്ള സമയം പാലിക്കാന്‍ പറക്കുകയേ മാര്‍ഗമുള്ളൂവെന്ന് ഡ്രൈവര്‍മാര്‍. അല്ലെങ്കില്‍ പിന്നാലെയുള്ള ബസുകാര് പ്രശ്നമുണ്ടാക്കും. അതൊഴിവാക്കാന് ഏതുവിധേനയും ഓടിച്ചെത്തേണ്ടിവരുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. ഭയപ്പെടുത്തുന്ന രീതിയിലുള്ള ഹോണടിയും അമിതവേഗതയില്‍ ചെറുവാഹനങ്ങളുടെ അരികിലേക്കുള്ള വരവും ഏറെ ഭയപ്പെടുത്തുന്നതാണ്.
ചില ആക്ഷനുകള്‍, അത് പലവിധ സൂചനകളാണ്
ബസിലിരിക്കുമ്പോള്‍ ഡ്രൈവര്‍മാരെ ശ്രദ്ധിച്ചാല്‍ പ്രത്യേകതരം ആക്ഷനുകള്‍ കാണാം. മുന്നിലെവിടെയെങ്കിലും വാഹനപരിശോധനയുണ്ടെങ്കില് എതിരേവരുന്ന ബസിലെ ഡ്രൈവര്‍മാര്‍ നല്കുന്ന ചില സൂചനകളാണിത്. സൂചനകള്‍ ലഭിച്ചാല്‍ പിന്നെയങ്ങോട്ട് രസമാണ്. വാഹനം നിശ്ചിതവേഗത്തിലായിരിക്കും ഓടുക. ഉടനെ കണ്ടക്ടര്‍ ടിക്കറ്റ് മെഷീന് എടുക്കാനോടും,ഡ്രൈവറാണെങ്കില്‍ എയര്ഡോറിന്റെ കണക്ഷന് ബന്ധിപ്പിക്കും,
എയര്‍ ഹോണിന്റെ കണക്ഷന് ഊരിയിടും, വച്ചിരിക്കുന്ന പാട്ടിന്റെ ശബ്ദവും കുറയ്ക്കും. റോഡില്‍ ഗതാഗതക്കുരുക്കുണ്ടോ, പരിശോധനയുണ്ടോ എന്നിങ്ങനെയുള്ള വിവിധതരം ആശയവിനിമയവും ഓട്ടത്തിനിടയില്‍ നടക്കും. എന്നാല്‍ കുറച്ചുനാളുകളായി റോഡില്‍ ഇത്തരം വാഹനപരിശോധനകള്‍ ഇല്ല എന്നുള്ളത് ഏറെ ശ്രദ്ധേയം.
റോഡിലെ നവീകരണവും കുഴികളും വില്ലന്‍
റോഡിലെ നവീകരണങ്ങളേയും കുഴികളേയും പഴിചാരുകയാണ് ജീവനക്കാര്‍. സംസ്ഥാനപാതയില്‍ കോണ്ക്രീറ്റിടുന്നത് കാരണം ഏറെ നാളായി പലയിടത്തും വഴിതിരിച്ചുവിടുകയാണ്. റോഡിന്റെ മോശം സ്ഥിതിയും ബസുകള്‍ തമ്മിലുള്ള സമയക്കുറവും കാരണം ഓരോ സെക്കന്‍ഡും കൈയില്‍പിടിച്ചാണ് ഓട്ടം. റോഡുപണി നീണ്ടുപോകുന്നതും ബസുകള്‍ തമ്മിലുള്ള റണ്ണിംഗ് സമയം കൂട്ടാത്തതും ബസ് ജീവനക്കാരുടെ ജോലിയിലും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്ന് അവര്‍ത്തന്നെ പറയും.