നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: പ്രഫ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനായി നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വാക്സിനേഷന് പ്രവര്‍ത്തനങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വീഴ്ച വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരും ശ്രമിക്കണമെന്നു നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദു പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡൊമിസിലിയറി സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. കാട്ടൂര്‍ പഞ്ചായത്തില്‍ സെന്റ് ജോര്‍ജ് യുപി സ്കൂളിലും കാറളം പഞ്ചായത്തില്‍ വിമല സെന്‍ട്രല്‍ സ്കൂളിലും മുരിയാട് പഞ്ചായത്തില്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലും ആളൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍സി ക്ലബ് ഹാളിലും വേളൂക്കര പഞ്ചായത്തില്‍ മുകുന്ദപുരം പബ്ലിക് സ്കൂളിലും പൂമംഗലം പഞ്ചായത്തില്‍ വടക്കുംകര ഗവ യുപി സ്കൂളിലും പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലും ഇരിങ്ങാലക്കുട നഗരസഭയില്‍ ഔവര്‍ ആശുപത്രിയിലുമാണു ഡിസിസികള്‍ ആരംഭിച്ചിട്ടുള്ളത്. കൂടാതെ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ രൂപികരിക്കുന്നതിനും കമ്യൂണിറ്റി കിച്ചന് ആരംഭിക്കുന്നതിനും വാര്‍ഡ് തലത്തില്‍ മൂന്നു വീതം ഓക്സിമീറ്റര്‍ സജ്ജമാക്കുന്നതിനും അംബുലന്‍സ് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഭക്ഷണം ആവശ്യമാണെങ്കില്‍ ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യുന്നതിനും ഓക്സി മീറ്റര്‍, മാസ്ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഫ്യൂമിഗേറ്റര്‍ എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും കൗണ്‍സിലിംഗ് സേവനങ്ങള്‍ ആരംഭിക്കുന്നതിനും കോര്‍ കമ്മിറ്റി, വാര് റൂം, ആര്‍ആര്‍ടി എന്നീ മൂന്നു ലെവല്‍ സംവിധാനമൊരുക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് എന്നിവര്‍ പങ്കെടുത്തു.