ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
ഇരിങ്ങാലക്കുട നഗരമധ്യത്തിലൂടെ ഒഴുകുന്ന കല്ലേരിതോടില് മാസ് തിയറ്ററിന് സമീപം മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ട നിലയില്‍.
ദുര്‍ഗന്ധവും കൊതുക് ശല്യവും രൂക്ഷം; പകര്‍ച്ചവ്യാധി ഭീഷണിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍
ഇരിങ്ങാലക്കുട: ഒരുകാലത്ത് പ്രദേശവാസികളുടെ പ്രധാന ശുദ്ധജല സ്രോതസുകളായിരുന്ന നഗരത്തിലെ തോടുകള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളായി മാറിയിരിക്കുകയാണ്. പൂതംകുളത്തിനു സമീപത്ത് ആരംഭിച്ച് പൊറത്തിശേരിയിലെ പൊറത്തൂചിറയില് അവസാനിക്കുന്ന കല്ലേരിതോടും ഠാണാവില്‍ നിന്ന് ആരംഭിച്ച് ഷണ്മുഖം കനാലില്‍ ചേരുന്ന രാമന്‍ചിറ തോടും പെരുന്തോടും ഉള്‍പ്പെടെയുള്ള തോടുകളിലൂടെ ഇപ്പോള്‍ ഒഴുകുന്നത് തെളിനീരല്ല, പകരം പ്ലാസ്റ്റിക് മാലിന്യങ്ങളും മലിനജലവുമാണ്. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍ എന്നിവ തള്ളുന്നതിനുള്ള കേന്ദ്രങ്ങളായി തോടുകള്‍ മാറിയിരിക്കുകയാണ്. കാടും പടലവും മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നതിനാല്‍ നീരൊഴുക്ക് പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. മലിനജലം കെട്ടിക്കിടക്കുന്നതോടെ പ്രദേശമാകെ കടുത്ത ദുര്‍ഗന്ധം വമിക്കുകയാണ്.
തോടിനോട് ചേര്‍ന്ന് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിതമാണ് ഇതുമൂലം ദുരിതത്തിലായത്. മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ വ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍ തുടങ്ങി വിവിധ പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണ് പ്രദേശവാസികള്‍. കുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ചര്‍മ്മരോഗങ്ങളും വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. ആദ്യമഴയില്‍ റോഡരികില്‍ കിടന്നിരുന്ന മാലിന്യങ്ങള്‍ തോടുകളിലേക്ക് ഒഴുകിയെത്തിയിരുന്നു. മഴ ശക്തമാകുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലവും മലിനമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. മഴക്കാലത്ത് തോടുകളിലെ നീരൊഴുക്ക് തടസപ്പെടുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടാനും താഴ്ന്ന പ്രദേശങ്ങളിലേക്ക് മലിനജലം കയറാനും സാധ്യത കൂടുതലാണ്. ഹോട്ടലുകളില്‍ നിന്നുള്ള മലിനജല പൈപ്പുകള്‍ നേരിട്ട് തോടുകളിലേക്ക് തുറന്നുവിട്ടിരിക്കുന്നതായും ആക്ഷേപമുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ഹോട്ടലില്‍ നിന്ന് രാത്രികാലങ്ങളില്‍ മലിനജലം തോടിലേക്ക് ഒഴുക്കിവിടുന്നതായി നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. തേ്തുടര്ന്ന് സ്ഥാപന ഉടമയില്‍ നിന്ന് 30,000 രൂപ പിഴ ഈടാക്കിയിരുന്നു. തോടുകള്‍ കടന്നുപോകുന്ന പല ഭാഗങ്ങളിലും തെരുവുവിളക്കുകളോ സിസിടിവി ക്യാമറകളോ ഇല്ലാത്തത് രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കു സഹായകരമാകുകയാണ്. നഗരത്തിലെ ജലസ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കല്ലേരിതോടും രാമന്‍ചിറ തോടും നവീകരിച്ച് വൃത്തിയാക്കുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും അവ ഒന്നും നടപ്പായില്ല. വര്‍ഷങ്ങളായി മണ്ണ് അടിഞ്ഞുകൂടിയതോടെ തോടുകളില്‍ കുറ്റിച്ചെടികളും പുല്ലുകളും വളര്‍ന്ന് ജലപാതകള്‍ പൂര്‍ണമായും ശോഷിച്ച നിലയിലാണ്. മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ അടിയന്തര ശുചീകരണ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി
ഫിഫ ലോകകപ്പ് ആവേശത്തില്‍ സെന്റ് ജോസഫ്സ് കോളജ്