കോവിഡ് പരിശോധന ഇനി മുതല്‍ വനിത വ്യവസായ കേന്ദ്രത്തില്‍
കാട്ടൂര്‍: പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള കോവിഡ് പരിശോധന (ആന്റിജന്‍ ടെസ്റ്റ്) ഇനി മുതല്‍ കാട്ടൂരില്‍ വെച്ച് തന്നെ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ആദ്യ കാലങ്ങളില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ആരോഗ്യവകുപ്പിന്റെ കീഴില്‍ ആരംഭിച്ച കോവിഡ് പരിശോധന കാട്ടൂരിലെ സൗകര്യ കുറവ് കണക്കിലെടുത്തു ആനന്ദപുരത്തുള്ള മുരിയാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വെച്ചാണു നടത്തിയിരുന്നത്. പിന്നീട് അതത് പഞ്ചായത്തുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കാട്ടൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തില്‍ ആരംഭിച്ചിരുന്നു. പഞ്ചായത്തിനു സമീപത്തുള്ള ജൂബിലി ഹാള്‍ ആയിരുന്നു ഇതിനുവേണ്ടി തെരഞ്ഞെടുത്തിരുന്നത്. ഏഴാം വാര്‍ഡിലെ രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളും ഇതിനുവേണ്ടി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിക്കുകയും തുടര്‍ന്ന് മറ്റു സംവിധാനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കാറളം എല്‍പി സ്കൂളിലേക്കു മാറ്റുകയുമായിരുന്നു. ദൂര കൂടുതല്‍ മൂലം ടെസ്റ്റ് ചെയ്യാന്‍ പോകുന്നവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം പ്രസിഡന്റായി ചുമതലയേറ്റ ഷീജ പവിത്രന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാട്ടൂരില്‍ തന്നെ പരിശോധന പുനരാരംഭിക്കുന്നതിനു വേണ്ട കൂടിയാലോചനകള്‍ നടക്കുകയും മധുരമ്പിള്ളിയിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വനിത സമുച്ചയത്തില്‍ പ്ലാസ്റ്റിക് സംഭരണത്തിനായി പുതുതായി പണികഴിപ്പിച്ച കെട്ടിടം തെരഞ്ഞെടുക്കുകയായിരുന്നു. കെട്ടിടം പണി പൂര്‍ത്തീകരിച്ചിരുന്നെങ്കിലും അവിടേക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനെ തുടര്‍ന്ന് ഈ ശ്രമം നീണ്ടുപോകുകയായിരുന്നു. വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് തുടങ്ങിയവരുടെ ഇടപെടലും ഈ പ്രയത്നത്തിനു സഹായകമായി. ഇനി മുതല്‍ എല്ലാ ആഴ്ചയും ഈ കെട്ടിടത്തില്‍ ആന്റിജന്‍ പരിശോധന നടക്കുമെന്നു പ്രസിഡന്റ് ഷീജ പവിത്രന് അറിയിച്ചു.