2020 ലെ കൂടല്‍മാണിക്യം തിരുവുത്സവം ചടങ്ങുകള്‍ മാത്രമായി ഫെബ്രുവരി ഒന്നു മുതല്‍ നടത്താന്‍ ആലോചന
ജില്ലാ ഭരണകൂടത്തിന്റെ അനുമതി കാത്ത് ദേവസ്വം
ഇരിങ്ങാലക്കുട: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ച 2020 ലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉല്‍സവപരിപാടികള്‍ ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ആലോചന. കലാപരിപാടികളും അന്നദാനവുമൊന്നുമില്ലാതെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന തന്ത്രിമാരുടെ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതിനെ തുടര്‍ന്നാണു ദേവസ്വം ഇതിന്റെ ആലോചനകളിലേക്കു കടന്നിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളോടെ ആചാരപ്രകാരം മൂന്നു ആനകളെ വച്ചുള്ള എഴുന്നള്ളിപ്പും പള്ളിവേട്ട, ആറാട്ട് ചടങ്ങുകളും പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ചടങ്ങുകളില്‍ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ള എണ്ണം ഭക്തജനങ്ങളെ മാത്രമായിരിക്കും പങ്കെടുപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിനു ഉത്രം നാളില്‍ കൊടിയേറി 11 നു തിരുവോണം നാളില്‍ കൊടിയിറക്കാനാണു ഉദ്ദേശിച്ചിട്ടുള്ളത്. ചാലക്കുടി കൂടപ്പുഴയിലേക്കുള്ള മൂന്നാനകളോടു കൂടിയുള്ള ആറാട്ട് ചടങ്ങിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതി ദേവസ്വം തേടിക്കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ ചടങ്ങുകള്‍ മാത്രമായുള്ള ഉല്‍സവത്തിന്റെ നടപടി ക്രമങ്ങളിലേക്കു കടക്കാനാണു ദേവസ്വം അധികാരികള്‍ ആലോചിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ലെ തിരുവുത്സവം മാറ്റി വച്ച വേളയില്‍ തന്നെ ആചാരപ്രകാരമുള്ള ഉല്‍സവ ചടങ്ങുകള്‍ പിന്നീട് നടത്താമെന്നു ദേവസ്വം ഭരണസമിതിയും തന്ത്രി പ്രതിനിധിയും വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ഉല്‍സവം ഏപ്രില്‍ 24 നു കൊടിയേറി മെയ് നാലിനു ആറാട്ടോടെ സമാപിക്കും.