വിവാഹവാഗ്ദാനം നല്കി പീഡനം – പ്രതിക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാതെ ചതിച്ച് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് തടവും പിഴയും. പ്രതിയായ കയ്പമംഗലം പുതിയവീട്ടില്‍ ഷെഫീഖി (33) നെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെക്ഷന്‍സ് ജഡ്ജ് കെ. ഷൈന്‍ ഏഴു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. 2013 ഓഗസ്റ്റ് മാസത്തിലാണു കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്രയാറില്‍ പെണ്‍കുട്ടി തുന്നല്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ വച്ചാണു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കിയാണു പ്രതി പീഡനം തുടര്‍ന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയും മെഡിക്കല്‍ തെളിവുകളും അടിസ്ഥാനപ്പെടുത്തിയാണു കോടതി പ്രതിയെ ശിക്ഷിച്ചത്. വലപ്പാട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന സി. പ്രേമാനന്ദകൃഷ്ണന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചേര്‍പ്പ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.സി. രാമനാഥന് എന്നിവരാണു തുടരന്വേഷണം നടത്തിയത്. വലപ്പാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.ടി. സലില്‍കുമാര്‍ എന്നിവരാണു പിന്നീട് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, അര്ജുന് രവി എന്നിവര്‍ ഹാജരായി.