കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ഏറ്റവും വലിയ താളിയോലഗ്രന്ഥശേഖരവുമയി ആരംഭിക്കുന്ന കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് അര്ക്കൈവ്സിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. തച്ചുടയക്കൈമളുടെ കൊട്ടിലാക്കല്‍ ബംഗ്ലാവും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ താളിയോലഗ്രന്ഥശേഖരങ്ങളും സംരക്ഷിക്കുന്നതിനു കേന്ദ്ര-സംസ്ഥാനങ്ങളുടെ പൈതൃക സംരക്ഷണപദ്ധതികള്‍ ഉപയോഗപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ നടന്ന ചടങ്ങില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ക്ഷേത്രം തന്ത്രി പരമേശ്വരന് നമ്പൂതിരിപ്പാട്, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ടൗണ്‍ ജുമാമസ്ജിദ് ഇമാം പിഎന്എ കബീര്‍ മൗലവി, ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ എന്നിവര്‍ പ്രസംഗിച്ചു.
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ്
ഇരിങ്ങാലക്കുട: കേരളത്തിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരമുള്ള ക്ഷേത്രം എന്ന ബഹുമതിയും കൂടല്‍മാണിക്യം ക്ഷേത്രത്തിനാണ്. തച്ചുടയക്കൈമളുടെ കൊട്ടിലായ്ക്കല്‍ ബംഗ്ലാവ് ഇന്ന് കേരളീയ വാസ്തുവിദ്യയുടെ ശേഷിപ്പുകളില്‍ ഒന്നാണ്.
ജീര്‍ണാവസ്ഥയിലുള്ള ഈ കൊട്ടാരം അതിന്റെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാതെ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ സാംസ്കാരിക പൈതൃകമായി നിലനിര്‍ത്തുക എന്നുള്ളതാണു ലക്ഷ്യം. കേരളത്തിലെ തന്നെ ഏറ്റവും അപൂര്‍വമായ താളിയോല ഗ്രന്ഥങ്ങളുടെ വന്‍ശേഖരം ഉള്‍ക്കൊള്ളുന്ന കൊട്ടാരം ലൈബ്രറിയിലെ മുഴുവന്‍ താളിയോല ഗ്രന്ഥങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തും. പൊടിഞ്ഞു കൊണ്ടിരിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംരക്ഷിച്ചു സൂക്ഷിക്കുകയും അതിന്റെ ഡിസ്ക്രിപ്റ്റീവ് കാറ്റലോഗ് തയാറാക്കുകയും ചെയ്യും.
ഈ അപൂര്‍വമായ വിജ്ഞാനസമ്പത്ത് ആധുനിക സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി റിമോട്ട് സെര്‍വറുകളില്‍ സൂക്ഷിച്ച് വരുംതലമുറയ്ക്ക് സുരക്ഷിതമായി കൈമാറും. ഇതേ രീതിയില്‍ തന്നെ ദേവസ്വം സ്വത്തുവകകള്‍ സംബന്ധിച്ച മാപ്പ്, ലാന്‍ഡ് മാപ്പ്, ദേവസ്വം വസ്തുവകകളുടെ ആധാരങ്ങള്‍, ഭൂമി ഇടപാടുകളുടെ രേഖകള്‍, രജിസ്റ്ററുകള്‍, പാട്ടചീട്ടുകള്, പാട്ടം സംബന്ധിച്ച രജിസ്റ്ററുകള്‍ എന്നിവയും ശാസ്ത്രീയമായി സംരക്ഷിച്ച ശേഷം ഇതെല്ലാം സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കുകയും ചെയ്യും.
ദേവസ്വവുമായി ബന്ധപ്പെട്ട മുഴുവന്‍ പുരാവസ്തുക്കളും, ദേവസ്വം ലൈബ്രറിയിലുള്ള മുഴുവന്‍ ആര്‍ക്കൈവല്‍ ഡോക്യുമെന്റുകളും മാനുസ്ക്രിപ്റ്റുകളും പുസ്തകങ്ങളും സംരക്ഷിക്കുകയും അതോടൊപ്പം ഈ അപൂര്‍വ ഡോക്യുമെന്റുകള്‍ എല്ലാം സ്കാന്‍ ചെയ്ത് ഇമേജുകളാക്കി ഇന്റേണല്‍ സെര്‍വറുകളിലും റിമോട്ട് സര്‍വീസുകളിലുമായി സൂക്ഷിക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകവും ചരിത്രവും ഉള്‍ക്കൊള്ളുന്ന രേഖകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനും ശ്രമിക്കും. ഇതെല്ലാം ചരിത്രവിദ്യാര്‍ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും സഹായകമായ രീതിയില്‍ പൊതുസമൂഹത്തിനു ലഭ്യമാക്കുന്നതിനും ലോകസമക്ഷം എത്തിക്കുന്നതിനുമാണു കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ലക്ഷ്യമിടുന്നത്.