ആനന്ദപുരം പുനർജനി സഹകരണ സൂപ്പർമാർക്കറ്റ് നാടിന് സമർപ്പിച്ചു
ആനന്ദപുരം: പട്ടികജാതി സഹകരണ സംഘത്തിന്റെ പുനർജനി സഹകരണ സൂപ്പർമാർക്കറ്റ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു. പുനർജനി സഹകരണ സൂപ്പർ മാർക്കറ്റിന്റെ ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാന ആശ്രയമാണ് സഹകരണ സംഘങ്ങളെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻറെ സമ്പദ്ഘടനയുടെ വിപുലീകരണത്തിന് വലിയ സംഭാവന നൽകാൻ സഹകരണ മേഖലക്ക് കഴിഞ്ഞിട്ടുണ്ട്. നൈപുണ്യ വികസനത്തിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘത്തിൻറെ നേതൃത്വത്തിൽ നടത്തണമെന്നു മന്ത്രി അഭിപ്രായപ്പെട്ടു. മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംഘം പ്രസിഡൻറ് പി.കെ. തങ്കപ്പൻ, സെക്രട്ടറി പി.കെ. സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ജില്ലാ സഹകരണ വകുപ്പ് എആർ പി.ബി. സിന്ധു, മുകുന്ദപുരം താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ രശ്മി, വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.