മുക്കുപണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ്; രണ്ട് പേര് അറസ്റ്റില്‍
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഊക്കന്‍സ് ഫൈനാന്‍സ് ആന്റ് ഇന്‍വസ്റ്റേഴ്സ് എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ട് വളകള്‍ പണയം വയ്ക്കാന്‍ വരുകയായിരുന്നു വളകളില്‍ 916 ഹോളോഗ്രാം മുദ്രയും ഉണ്ടായിരുന്നു. മുന്‍ പരിചയമില്ലാത്ത സ്ത്രീ ആയതിനാല്‍ സ്ഥാപന ഉടമ സ്ത്രീ കൊണ്ടു വന്ന വളകള്‍ പരിശോധിക്കുകയും സ്വര്ണ്ണമല്ലായെന്ന് തെളിയുകയും ചെയ്തു സ്ഥാപന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി ചിറക്കല്‍ വീട്ടില്‍ സുസ്മിത (42) യെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സുസ്മിതയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് സുസ്മിതക്ക് പണയം വയ്ക്കാനുള്ള മുക്കു പണ്ടങ്ങള് കൈമാറുന്നത് ഒല്ലൂര്‍ പടവരാട് സ്വദേശിയാണെന്ന് മനസിലാക്കിയ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പടവരാട് നിന്നും ഒല്ലൂര്‍ പടവരാട് സ്വദേശി പടിഞ്ഞാറെ വീട്ടില്‍ വിജു (33) നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു വിജുവിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും പലയിടങ്ങളില്‍ നിന്നായി മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്ത വിവരം പോലീസിന് ലഭിച്ചു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ എസ്. ഐ. അനൂപ്.പി.ജി, എ. എസ്സ്.ഐ. ജഗദീഷ് , വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷി സിദ്ധാര്ത്ഥന് , സി.പി. ഒ – മാരായ വൈശാഖ് മംഗലന്‍ , രാഹുല്‍ ,ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.