ഓണറേറിയം നീക്കിവെച്ച് എല്ലാ വീടുകളിലും പച്ചക്കറിയെത്തിച്ച് കൗണ്‍സിലര്‍
ഇരിങ്ങാലക്കുട: ഓണറേറിയം നീക്കിവെച്ചും കേരളമാര്ട്ടിന്റെ സഹായത്തോടെയും സ്വന്തം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ചക്കറിയെത്തിച്ച് പുതു ചരിത്രം തീര്‍ത്തിരിക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ 37-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.എം. സാനി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കൗണ്‍സിലര്‍ വാടകയ്ക്കാണു കഴിയുന്നത്. തയ്യലാണ് ഉപജീവന മാര്‍ഗമെങ്കിലും ജനങ്ങള്‍ അറിഞ്ഞു തന്ന പദവിയുടെ ഓണറേറിയം അവര്‍ക്കു തന്നെയിരിക്കട്ടെയെന്നു കൗണ്‍സിലര്‍ സി.എം. സാനി പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ മൂന്നു കുട്ടികളുള്ള സാനി 10 വര്‍ഷത്തിലേറെയായി വാടകയ്ക്കാണ് കഴിയുന്നത്. മുമ്പൊരിക്കല്‍ വാര്‍ഡിലെ പൊതുകിണറുകളുടെ നവീകരണം സാനി സ്വന്തം ഓണറേറിയത്തില്‍ നിന്നു സംഖ്യയെടുത്ത് നടത്തിയിരുന്നു. പച്ചക്കറി വിതരണം ഉദ്ഘാടനം ഇരിങ്ങാലക്കുട ഫുട്ബോള്‍ കള്‍ച്ചറല്‍ അസോസിയേഷന് സെക്രട്ടറി മനോജ്കുമാര്‍ നിര്‍വഹിച്ചു.