ഗര്‍ഭിണിയായ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കുന്നത്തൂരില്‍ ഗര്‍ഭിണിയായ കോവിഡ് രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് വനിതാ സന്നദ്ധസേനാംഗം. വള്ളിവട്ടം ഈസ്റ്റ് കൊടുവളപ്പില്‍ വിദ്യാ ഷാജിയാണു ഗര്‍ഭിണിയായ കോവിഡ് രോഗിക്ക് തുണയായത്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടറായി സേവനം അനുഷ്ഠിക്കുന്ന വിദ്യാ ഷാജി കോവിഡ് കണ്ട്രോള് സെല്‍ സന്നദ്ധസേനാംഗം കൂടിയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവിഡ് നിരീക്ഷണത്തില്‍ തുടരുന്ന ഗര്‍ഭിണിയായ രോഗിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷാണ് വിദ്യാ ഷാജിയെ വിവരം അറിയിച്ചത്. ഉടന്‍ പിപിഇ വസ്ത്രം ധരിച്ച് രോഗിയെ വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ജിയോ ഡേവിസ്, ആശാ വര്‍ക്കര്‍മാരായ സീമ, പ്രീത എന്നിവരുടെ സമയോചിതമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് രോഗിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ആര്‍ആര്‍ടി പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു.