ഉത്സവം കാണാന് എത്തിയ യുവാവിനെ പോലീസ് മര്ദിച്ചതായി പരാതി
ഇരിങ്ങാലക്കുട: കൂടല്മാണിക്യം ഉത്സവം കാണാന് കുടുംബത്തോടൊപ്പം എത്തിയ യുവാവിനെ പോലീസ് മര്ദിച്ചതായി പരാതി. നടവരമ്പ് ഐക്കരക്കുന്ന് ചേറുപറമ്പില് രാജഗോപാലിന്റെ മകന് രാജീവിനെ (29) യാണ് മര്ദിച്ചതായി പറയുന്നത്. തലയ്ക്ക് പരിക്കേറ്റ രാജീവ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് വീട്ടുകാര് പറയുന്നത് ഇങ്ങനെ.. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ എക്സിബിഷന് സെന്ററിനടുത്തുവെച്ച് ഒപ്പമുണ്ടായിരുന്ന വീട്ടിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാക്കളെ രാജീവ് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. ഇരുകൂട്ടരും തമ്മിലുള്ള സംസാരം തര്ക്കത്തിലും ഉന്തും തള്ളിനും ഇടയാക്കിയിരുന്നു. സംഭവം കണ്ട് അടുത്തുണ്ടായിരുന്നവര് പിടിച്ചുമാറ്റി പ്രശ്നം പരിഹരിച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസ് ഫോണ് ചെയ്തുനിന്ന രാജീവിനെ ലാത്തികൊണ്ട് മര്ദിക്കുകയായിരുന്നെന്ന് വീട്ടുകാര് പറഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും അതു വകവെയ്ക്കാതെ മര്ദനം തുടരുകയും പിന്നീട് പോലീസ് കണ്ട്രോള് റൂമിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കണ്ട്രോള് റൂമിന് മുന്നില് ആളുകള് തടിച്ചുകൂടിയതോടെയാണ് പോലീസ് പരിക്കേറ്റ രാജീവിനെ ആശുപത്രിയിലെത്തിച്ചത്. ലാത്തികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് മുറിവേറ്റ രാജീവിനെ വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയതായും വീട്ടുകാര് പറഞ്ഞു. അതേസമയം സംഭവശേഷം സ്ഥലത്തുന്നിന്ന് മാറിപ്പോകാന് ആവശ്യപ്പെട്ടപ്പോള് അതിന് തയാറാകാതെ പോലീസിന് നേരെ തട്ടിക്കയറി രാജീവ് വയര്ലെസ് സെറ്റ് പിടിച്ചുവാങ്ങി എഎസ്ഐ യെ മര്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.