എഐഎസ്എഫ് ജില്ലാസമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
എഐഎസ്എഫ് ജില്ലാസമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി; ചരിത്ര സത്യങ്ങളെ ബിജെപി ഭയക്കുകയാണെന്ന് പി. കബീര്‍
ഇരിങ്ങാലക്കുട: ചരിത്ര സത്യങ്ങളെയും നവോത്ഥാന പോരാട്ടങ്ങളെയും യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രത്തേയും ബിജെപി സര്‍ക്കാര്‍ ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പാഠപുസ്തകങ്ങളില്‍ നിന്നും മുഗള്‍ സാമ്രാജ്യത്വത്തെയും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും പരിണാമസിദ്ധാന്തവും നീക്കം ചെയ്യാനുള്ള തീരുമാനങ്ങളെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുംവഹിക്കാതെ കൃത്രിമ ചരിത്രം രചിച്ച് സ്വയം അപഹാസ്യരവുക ആണ് ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. എഐഎസ്എഫ് തൃശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍. വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനും വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുവാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണെന്നും കബീര്‍ പറഞ്ഞു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അര്ജുന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്.എസ്. രാഹുല്‍ രാജ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സുനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ ടി.കെ. സുധീഷ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.എസ്. ജയ, ടി. പ്രദീപ്കുമാര്‍, കെ. ശ്രീകുമാര്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, ജില്ലാ കൗണ്‍സില്‍ അംഗം അനിത രാധാകൃഷ്ണന്, എന്‍.കെ. ഉദയപ്രകാശ്, എഐഎസ്എഫ് സംസഥാന വൈസ് പ്രസിഡന്റ് ടി.ടി. മീനുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി മിഥുന് പോട്ടോക്കാരന്‍ നന്ദിയും പറഞ്ഞു.