തൃശൂര്‍ ജില്ലയിലെ 32 എന്‍എസ്എസ് യൂണിറ്റുകള്‍ ഒത്തു ചേര്‍ന്നു ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് സ്നേഹക്കൂടൊരുക്കി

സ്നേഹക്കൂട് പദ്ധതിയിലെ വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കുട്ടികളുടെ വ്യക്തിത്വ വികസനം സേവനത്തിലൂടെ എന്ന മഹത്തരമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തി തൃശൂര്‍ ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ഡിയിലെ 32 എന്‍എസ്എസ് യൂണിറ്റുകള്‍ സംയുക്തമായി ഒരു വലിയ ലക്ഷ്യം സാക്ഷാത്ക്കരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നേതൃത്വം നല്കുന്ന സ്നേഹക്കൂട് പദ്ധതിയില്‍ തൃശൂര്‍ ജില്ലയിലെ മുഴുവന്‍ എന്‍എസ്എസ് വളണ്ടിയേര്സിന്റെയും സഹകരണത്തോടെ കാട്ടൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയായ തീയത്തുപറമ്പില്‍ അജയന്റെ മകന് അജിത്തിന്റെ ശോചനാവസ്ഥായില് ആയിരുന്ന ഗൃഹത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയത്.
പ്രസ്തുത പ്രവര്‍ത്തനത്തിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അജിത്തിന്റെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലയിലെ മുഴുവന്‍ എന്‍എസ്എസ് വളണ്ടിയേഴ്സ് ഒറ്റകെട്ടായി നടത്തിയ വിവിധ ധനവിഭവ സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കാട്ടൂര്‍ പോംപെ സെന്റ് മേരിസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആണ്. ചടങ്ങില്‍ സ്നേഹക്കൂട് കോ ഓര്‍ഡിനേറ്റര്‍ ആയ ഡോ. ടി.വി. ബിനു സ്വാഗതം ആശംസിച്ചു.
കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍എസ്എസ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ എം. പ്രീത, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.വി. സതീഷ്, ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ബിജോയ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കെ.ബി. പ്രിയ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രഹികൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനീഷ്, വാര്‍ഡ് മെമ്പര്‍മാരായ വിമല സുഗുണന്, രമാഭായ്, എന്‍എസ്എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ സൈമണ്‍ ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.ബി. വിനിത നന്ദി അര്‍പ്പിച്ചു.