വിവാദങ്ങള്‍ക്കൊടുവില്‍ നടന്ന കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണവിജയം
കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാപ്രാണം ജംഗ്ഷനില്‍ ആഹ്ലാദപ്രകടനം നടത്തുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന്
ആകെ വോട്ട് ചെയ്തത്-3039
എല്‍ഡിഎഫ് പാനലിന് ലഭിച്ചത്.-2002 മുതല്‍ 2131 വരെ
ബിജെപി പാനലിന് ലഭിച്ചത് -731 മുതല്‍ 643 വരെ
ഇരിങ്ങാലക്കുട: കേരള സഹകരണ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. 2020 മുതല്‍ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് നേടി. 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതില്‍ രണ്ടു സീറ്റില്‍ നേരത്തെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 11 സീറ്റുകളിലാണ് മത്സരം നടന്നത്. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുണ്ടായിരുന്നത്. മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ സ്കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്.
തുടര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്. പതിനായിരത്തിലേറെ വോട്ടുകളുണ്ടായിരുന്നെങ്കിലും ആകെ പോള്‍ ചെയ്തത് 3033 വോട്ടുകളാണ്. ഇതില്‍ 2002 പാനല്‍ വോട്ടുകളും നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. എല്‍ഡിഎഫ് പാനലിലെ എല്ലാവര്ക്കും 2000 ലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് 750ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫ് പാനലില്‍ 2134 വോട്ടുകള്‍ ലഭിച്ച ആര്.എല്‍. ശ്രീലാലിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 731 വോട്ട് നേടിയ ഷാജുട്ടനാണ് ബിജെപി പാനലില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുലഭിച്ചത്. മാടായിക്കോണം, മാപ്രാണം സൗത്ത്, മാപ്രാണം നോര്‍ത്ത്, തളിയക്കോണം, പൊറത്തിശേരി, മൂര്‍ക്കനാട് എന്നീ ആറ് ഡിവിഷനിലും, രണ്ട് വനിത സംവരണം, ഒരു പട്ടികജാതി സംവരണം, നാല്‍പ്പത് വയസിന് താഴെയുള്ള ഒരു വനിത, നാല്പത് വയസിന് താഴെയുള്ള ജനറല്‍, ഒരു നിക്ഷേപകന് എന്നിങ്ങനെയാണ് പതിമൂന്ന് ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കേണ്ടത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനറുമായ ആര്.എല്‍. ശ്രീലാല്‍, അശോകന് കുനിയത്ത്, ബാലന് കൊറ്റായ, കെ.ഡി. ദാമോദരന്‍ നമ്പൂതിരി, വി.എസ്. സജി, എ.സി. സനീഷ്, എം.ആര്. അജിത്, മനോജ് പുളിയത്ത്പറമ്പില്‍, സി.എം. സാനി, ശ്രീമ രാജീവ്, പി.സി. രഘു എന്നിവരാണ് വിജയിച്ചത്. 40 വയസിന് താഴെയുള്ള വനിതകളുടെ വിഭാഗത്തില്‍ അഡ്വ. സുജില നിതീഷും നിക്ഷേപക വിഭാഗത്തില്‍ പി.കെ. വത്സലന്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതല്‍ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നല്കി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. മൊത്തമുള്ള 15,000 അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. എന്നാല്‍, 2016-ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ 6,000 പേരാണ് വോട്ടുചെയ്തത്. ഇത്തവണ മൂവായിരത്തോളം പേര് മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ബാങ്കിന്റെ ഭരണം നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്നമായിക്കണ്ട് സിപിഎം ശക്തമായ പ്രചരണമാണ് നടത്തിയത്. എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സഥലത്ത് നിലയുറപ്പിച്ചിരുന്നത്. ഇന്ന് രാവിലെ 11 ന് ബാങ്കിന്റെ കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.
കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം; അപവാദ പ്രചരണം നടത്തിയവര്‍ക്കുള്ള തിരിച്ചടി, സിപിഎം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയ കോണ്‍ഗ്രസിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം. സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചിട്ടും ഇടതുപക്ഷ മുന്നണി ഉജ്വല വിജയം നേടി. ബാങ്കിലെ ചില ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് ബാങ്ക് പ്രതിസന്ധിയിലായത്. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കാന്‍ ഭരണനേതൃത്വം നല്‍കിയിരുന്ന എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി. സര്‍ക്കാര്‍ നിയമിച്ച അഡ്മനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ സര്‍ക്കാര്‍ പ്രത്യേകം അനുമതി നല്കിയ പദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തി ബാങ്കിനെ ഏറെ മുന്നോട്ട് കൊണ്ടുപോയി. പല പ്രതിസന്ധികളെയും മറികടന്നാണ് ബാങ്ക് പ്രവര്‍ത്തനം പുരോഗമിച്ചതെന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കരുവന്നൂര്‍ബാങ്ക് തെരെഞ്ഞെടുപ്പ്, ജനാധിപത്യത്തെ അട്ടിമറിച്ച സിപിഎം ന്റെ താത്കാലിക വിജയം മാത്രം, ബിജെപി
വരും ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് പണം ലഭിക്കാന്‍ സഹകാരികള്‍ക്കൊപ്പം ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉണ്ടായത് ജനാധിപത്യത്തെ അട്ടിമറിച്ച് നേടിയ താത്കാലിക വിജയം മാത്രമാണെന്ന് ബിജെപി വ്യക്തമാക്കി. 16000 ത്തില്‍ അധികം അംഗങ്ങളുള്ള ബാങ്കില്‍ 3039 പേര് മാത്രമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് ജനാധിപത്യപരമായി പുതിയ മെമ്പര്‍ഷിപ്പിന് അവസരം നല്‍കിയിരുന്നില്ല. യഥാര്‍ഥ സഹകാരികള്‍ ആയിരക്കണക്കിന് പേര് വോട്ട് ചെയ്യാനെത്തിയില്ല.
ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പുതിയ ഭരണസമിതി നിക്ഷേപകര്‍ക്ക ഉടന്‍ പണം നല്കാന് തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.വരും ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് പണം ലഭിക്കാന്‍ സഹകരികള്ക്കൊപ്പം ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ല സെക്രട്ടറി ശ്യാംജി മാടത്തിങ്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, ജനറല്‍ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍