കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഗാര്ഡന് ടാങ്കില്‍ വീണ് നാലര വയസുകാരന് മരിച്ചു
ഇരിങ്ങാലക്കുട: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഗാര്ഡന് ടാങ്കില്‍ വീണ് നാലര വയസുകാരൻ മരിച്ചു. ഇരിങ്ങാലക്കുട മാമ്പിള്ളി വീട്ടില്‍ ആകാശ് പോളിന്റെ മകന് ഇവാന് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. സഹോദരനോടൊപ്പം കളിക്കുന്നതിനിടയില്‍ ഗാര്ഡന് ടാങ്കില്‍ വീഴുകയായിരുന്നു. സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിനു മുന്നിലെ ഉദ്യാനത്തിലെ ടാങ്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ബാംഗ്ളൂരില്‍ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പിതാവ് ആകാശ്. അമ്മ-റിന്നിമോള് (ഐടി ഉദ്യോഗസ്ഥ, ബെല്‍ കമ്പനി ബാംഗ്ലൂര്‍). സഹോദരങ്ങള്‍-നദാന്, ഇതാന്. കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സന്റെ സഹോദരന് ടോമി മാമ്പിള്ളിയുടെ പേരക്കുട്ടിയാണ് മരണമടഞ്ഞ ഇവാന്.