1987 ല്‍ കാമ്പസിലെ മികച്ച വിദ്യാര്‍ഥി, ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി കലാലയ മുറ്റത്തെത്തി
മന്ത്രിക്കു കോവിഡ് പ്രതിരോധ ഉല്പന്നങ്ങള് നല്കി സ്നേഹം പങ്കിട്ടു
ഇരിങ്ങാലക്കുട: തന്നെ താനാക്കിയ കലാലയമുറ്റത്തേയ്ക്ക് നന്ദിയും സന്തോഷവും പങ്കുവയ്ക്കുവാനെത്തി മന്ത്രി പ്രഫ. ആര്. ബിന്ദു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്. ബിന്ദുവിന് സ്നേഹോഷ്മളമായ സ്വീകരണമാണ് നല്‍കിയത്. സ്നേഹോപഹാരമായി മന്ത്രിക്കു നല്‍കിയത് കോവിഡ് പ്രതിരോധം തീര്‍ക്കുന്നതിനായി കോളജിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച സാനിറ്റൈസറുകളും പിപിഇ കിറ്റുകള്‍, മാസ്കുകള്‍ എന്നിവക്കു പുറമേ സമൂഹ അടുക്കളയിലേക്ക് അരി, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജനങ്ങളുമാണ്. താന്‍ കളിച്ചും പഠിച്ചും വളര്‍ന്ന കലാലയത്തില്‍ എത്തിയപ്പോള്‍ ഒരുപാട് മധുര സ്മരണകളാണ് മന്ത്രി പ്രിന്‍സിപ്പലുമായും മറ്റു സിസ്റ്റേഴ്സുമായും പങ്കുവച്ചത്. പ്രീഡിഗ്രിയും ബിരുദവും പൂര്‍ത്തീകരിച്ചത് ഈ കോളജില്‍ വച്ചാണ്. പഠന കാലത്ത് യൂണിയന് ഭാരവാഹിയായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോളജ് ഫൈന്‍ ആര്‍ടസ്് സെക്രട്ടറി, യൂണിവേഴ്സിറ്റി കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പാഠ്യരംഗത്തെന്ന പോലെ കലയിലും സാഹിത്യത്തിലും തന്റെ മിടുക്ക് വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തെളിയിച്ചിട്ടുണ്ട്. 1987 ല്‍ കലാലയത്തിലെ മികച്ച വിദ്യാര്‍ഥിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷ തെരേസ് ബൊക്കെ നല്കി സ്വീകരിച്ചു. വൈസ് പ്രിന്‍സിപ്പൽമാരായ സിസ്റ്റര്‍ ബ്ലസി, സിസ്റ്റര്‍ എലൈസ, മദര്‍ സുപ്പീരിയര്‍മാരായ സിസ്റ്റര്‍ ജെസ്സിന്, സിസ്റ്റര്‍ ധന്യ എന്നിവര്‍ പ്രിന്‍സിപ്പലിനൊപ്പം ഉണ്ടായിരുന്നു.