ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബില്‍ രണ്ടുദിവസമായി നടന്നുവന്നിരുന്ന ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെയും തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബില്‍ രണ്ടുദിവസമായി നടന്നുവന്നിരുന്ന സംസ്ഥാന വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പും ഏഴ് വയസിന് താഴെയുള്ളവരുടെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പും സമാപിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഏഴു വയസിന് താഴെയുള്ളവരുടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള വേദിക് വിശ്വനാഥ് ചാമ്പ്യനായി. മാര്ട്ടിന് ജോസഫ് ആലപ്പുഴ, ഗാലിബ് ഹസന് എറണാകുളം എന്നിവര്‍ രണ്ടുമൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏഴ് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള തീര്‍ത്ഥ ജ്യോതിഷ് ചാമ്പ്യനായി. ഇശല്‍ ഇസ്ല കോഴിക്കോട,് സന വിജേഷ് എറണാകുളം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇവര്വരുന്ന സെപ്റ്റംബര്‍ മാസത്തില്‍ ബംഗാളില്‍വച്ച് നടക്കുന്ന നാഷണല്‍ അണ്ടര്‍ സെവന് മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കും. കേരള സംസ്ഥാന വനിത ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള കല്യാണി സിരിന്‍ ചാമ്പ്യനായി. ആര്.വി. പുണ്യ വയനാട്, ആര്യ ജി. മല്ലര്‍ കണ്ണൂര്‍, പി. ആര്‍ദ്ര കാസര്‍ഗോഡ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ഇവര്‍ ഈ വര്‍ഷം നടക്കുന്ന നാഷണല്‍ വനിതാ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തെ പ്രതിനിധീകരിക്കും. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ യൂത്ത് ചെസ് ടീം കോച്ച് ടി.ജെ. സുരേഷ് കുമാര്‍, ലയന്‍സ് ക്ലബ് പ്രസിഡന്റ് റോയ് ജോസ്, തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ എല്‍. പോള്‍ തോമസ് മാവേലി, സീനിയര്‍ നാഷണല്‍ ആര്‍ബിറ്റര്‍ കെ.വി. കുമാരന് എന്നിവര്‍ പങ്കെടുത്തു.