ജനസാഗരം സാക്ഷിയായി കൂടല്മാണിക്യം ഉത്സവം
ഇരിങ്ങാലക്കുട: കൂടല്മാണിക്യം ക്ഷേത്രോത്സവം അഞ്ചു ദിവസം പിന്നിടുമ്പോള് രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രി വിളക്കും ദര്ശിക്കാന് ആയിരങ്ങളാണ് ക്ഷേത്രങ്ങളില് എത്തുന്നത്. രാവിലെ ശീവേലിക്കും രാത്രി വിളക്കിനും ചെറുശേരി കുട്ടന്മാരാരുടെ പ്രമാണത്തില് നൂറിലേറെ വാദ്യകലാകാരന്മാര് പഞ്ചാരിമേളത്തിന് കൊഴുപ്പേകി. രാവിലെ നടന്ന ശീവേലിക്ക് അത്തിക്കാവ് കാര്ത്തികേയന് തിടമ്പേറ്റി. വിളക്കെഴുന്നള്ളിപ്പിന് കുട്ടന്കുളങ്ങര അര്ജുനന് തിടമ്പേറ്റി. ആനപ്രേമികള്ക്കും മേളപ്രേമികള്ക്കും ആവേശം പകരുന്നതാണ് കൂടല്മാണിക്യം ഉത്സവം. എട്ട് വിളക്കിനും എട്ട് ശീവേലിക്കും 17 ആനകള് അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിന് ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെ പതികാലത്തിന് കിഴക്കെ നടപ്പുരയില് കേളികൊട്ടുയരുന്നത്. നൂറോളം കലാകാരന്മാരാണ് പഞ്ചാരി മേളത്തില് അണിനിരക്കുന്നത്. ഒന്നര മണിക്കൂറുകൊണ്ട് പഞ്ചാരിയുടെ പതികാലം കിഴക്കെ നടപ്പുരയില് നാദപ്രപഞ്ചം തീര്ക്കും. തുടര്ന്ന് അഞ്ചാംകാലം പടിഞ്ഞാറെ നടപ്പുരയില് കൊട്ടിതീര്ക്കും. രൂപകം കൊട്ടി കുലീപിനി തീര്ത്ഥക്കരയില് ചെമ്പട ഉതിര്ത്ത് കിഴക്കെ നടപ്പുരയിലെത്തി തിരുകലാശം നടത്തുന്നതോടെ മൂന്നര മണിക്കൂര് നീണ്ടുനില്ക്കുന്ന മേളം സമാപിക്കും. ശീവേലിക്കും മേളത്തിനും പഞ്ചാരിമേളത്തിന്റെ ചിട്ടവട്ടത്തിന് വ്യത്യാസമില്ല. വലിയ വിളക്ക് ദിവസമാണ് പഞ്ചാരിമേളം അവസാനിക്കുന്നത്. പ്രദക്ഷിണത്തിന് തിടമ്പേറ്റുന്ന ആനക്ക് അകമ്പടി സേവിക്കുന്നത് ഉള്ളാനകളാണ്. ഇക്കുറി വെള്ളിമണ് രാമുവും ദേവസ് ആരോമലുമാണ് ഉള്ളാനകളായി എഴുന്നള്ളിപ്പിനായുള്ളത്. ദിവസവും ഉച്ചയ്ക്ക് ക്ഷേത്രം തെക്കേ ഊട്ടുപുരയില് നടക്കുന്ന അന്നദാനത്തില് നൂറുകണക്കിന് ആളുകള് പങ്കെടുക്കുന്നുണ്ട്.
ആറാം ഉത്സവം; കൂടല്മാണിക്യത്തില്
(സ്പെഷല് പന്തലില്)
ഉച്ചകഴിഞ്ഞ് രണ്ട് മുതല് നാല് വരെ തിരുവാതിരക്കളി. നാല് മുതല് അഞ്ച് വരെ പെരിങ്ങാവ് കാര്ത്തിക വാസുദേവന്റെ നേതൃത്വത്തില് ശാസ്ത്രീയ സംഗീതം. അഞ്ച് മുതല് എട്ട് വരെ ജൂഗല് ബന്ധി ക്ലാസിക്കല് ഫ്യൂഷന്, എട്ട് മുതല് ഒമ്പത് വരെ കലാമണ്ഡലം ഡോ. നിഖില വിനോദ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം. ഒമ്പത് മുതല് 10.30 വരെ ചെന്നൈ സമര്ത്ത്യ മാധവന് അവതരിപ്പിക്കുന്ന ഭരതനാട്യം. രാത്രി 12ന് കഥകളി-നളചരിതം രണ്ടാം ദിവസം.
(സംഗമം വേദി)
ഉച്ചകഴിഞ്ഞ് 2.40 മുതല് നാല് വരെ തിരുവാതിരക്കളി, നാല് മുതല് അഞ്ച് വരെ അജയ് കെ. കയ്പമംഗലം അവതരിപ്പിക്കുന്ന സംഗീതകച്ചേരി, അഞ്ച് മുതല് ആറ്വരെ പൂജ ശങ്കര് ബോംബെ അവതരിപ്പിക്കുന്ന ഭരതനാട്യം, ആറ് മുതല് ഏഴ് വരെ ഇരിങ്ങാലക്കുട ഹരിദാസന് മ്യൂസിക് വേള്ഡ് അവതരിപ്പിക്കുന്ന ഗാനമേള ഫ്യൂഷന് മ്യൂസിക്, ഏഴ് മുതല് എട്ട് വരെ ഭരതനാട്യം, എട്ട് മുതല് പത്ത് വരെ സിനിമാതാരം നവ്യ നായര് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്.