തോടിനോടുചേര്‍ന്നുള്ള നിര്‍മാണം; താല്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
ഇരിങ്ങാലക്കുട: രാമന്‍ചിറ തോടിനോടുചേര്ന്ന് നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ഇരിങ്ങാലക്കുട നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗം ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട് നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. രാമന്‍ചിറ തോടിന്റെ സംരക്ഷണഭിത്തി സ്ലാബിട്ടതുമായി ബന്ധപ്പെട്ട് പരാതി നിലനില്‍ക്കുന്ന കാര്യം മറച്ചുവെച്ചാണ് സമീപവാസി നിര്‍മാണാനുമതി വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ താലൂക്ക് സര്‍വേയര്‍ അതിര്‍ത്തി പുനര്നിര്ണയിക്കുന്നതുവരെ നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. അതിര്‍ത്തി കൈയേറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതിയുടെകാര്യം മറച്ചുവെച്ചതിന്റെ വിശദീകരണം നല്‍കാനും നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം സര്‍വേയര്‍ അളന്ന് അതിര്‍ത്തി പുനഃസ്ഥാപിക്കുകയും കൈയേറ്റമില്ലെന്ന് ബോധ്യപ്പെടുത്തുകയും വേണം. അതുവരെ ഒരു നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാതെ കെട്ടിടനിര്‍മാണം നടത്തിയശേഷം കൈയേറ്റമുണ്ടെന്ന് തെളിഞ്ഞാല്‍ പെര്‍മിറ്റ് റദ്ദാക്കി അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. 2019ലാണ് നഗരസഭയുമായി ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്നാണ് ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം രാമന്‍ചിറ തോട്ടില്‍ കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിച്ച് അതിനുമുകളില്‍ സ്ലാബിടീച്ചത്. മനവലശേരി വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സെന്റ് പുറമ്പോക്ക് സ്ഥലം കൈയേറിയതായി കണ്ടെത്തുകയും മുകുന്ദപുരം താലൂക്കിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, നഗരസഭയുടെ ഉടമസ്ഥതയിലുള്ള തോടായതിനാല്‍ നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മഴവെള്ളം ഒഴുകി പോകാന്‍ ഠാണാവില്‍ നിന്ന് ആരംഭിച്ച് ഷണ്മുഖം കനാലില്‍ ചെന്ന് ചേരുന്ന പൊതുകാനയുടെ മുകളില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തന്നെ വിവാദമായിരുന്നു. ടൗണ്‍ ഹാള്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവയില്‍ നിന്നുള്ള മലിന ജലം ഈ തോട്ടിലേക്കാണ് ഒഴുകുന്നത്. തോട് സംരക്ഷണഭിത്തി കെട്ടി സ്ലാബ് ഇട്ട നിര്‍മ്മാണ പ്രവര്‍ത്തനം തോട്ടിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കുന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സെന്റ് പുറമ്പോക്ക് സ്ഥലം കയ്യേറിയതായി വില്ലേജ് ഓഫീസര്‍ താലൂക്കിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും തോടിനോട് ചേര്‍ന്ന സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്കിയ നഗരസഭ ഉദ്യോഗസ്ഥന്റെ നടപടിയെക്കുറിച്ചും പരാതി ഉയര്‍ന്നിരുന്നു. തോടിന്റെ മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ഘട്ടത്തില്‍ പ്രതികരിച്ച രഷ്ട്രീയ കക്ഷികള്‍ പിന്നീട് മൗനത്തിലായതും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.