ലവണാസുരവധം കഥകളിയില് കുശന്റെ വേഷമിട്ട് കാന്സര് രോഗ വിദഗ്ധന്, ലവന്റെ വേഷമിട്ട് സഹോദരിയും
ഇരിങ്ങാലക്കുട: കൂടല്മാണിക്യ ക്ഷേത്രോത്സവത്തിന് ലവണാസുരവധം കഥകളിയില് കാന്സര് രോഗ വിദഗ്ധനായ ഡോ. രാജീവ് കുശന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല് കാന്സര് സെന്ററിലെ അസോസിയേറ്റ് പ്രഫസറുമാണ് ഡോ. രാജീവ്. സഹോദരിയും രസതന്ത്രം ഗവേഷകയുമായ ജയന്തി ദേവരാജ് ലവന്റെ വേഷമിട്ടു. കലാനിലയം രാഘവന് ആശാന്റെ മക്കളാണ് ഇരുവരും. സഹോദരീ ഭര്ത്താവ് കലാനിലയം ഗോപിയാണ് ഇരുവരുടെയും ഗുരുനാഥന്. ഉണ്ണായിവാര്യര് സ്മാരക കലാനിലയം പ്രിന്സിപ്പലായി വിരമിച്ച അച്ഛന് കഥകളി പാഠങ്ങള് ഇപ്പോഴും ഇവര്ക്ക് പകരുന്നുണ്ട്. പ്രശസ്തനായ ഹരികഥാ കലാകാരിയായിരുന്നു ഇവരുടെ അമ്മ ആനിക്കാട് സരസ്വതിയമ്മ. രാജീവ് നാലാം ക്ലാസില് പഠിക്കുമ്പോള് പുറപ്പാട് കഥയിലെ കൃഷണന്റെ വേഷത്തോടെയായിരുന്നു കഥകളിയില് അരങ്ങേറ്റം. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു സ്കൂള് വിദ്യാഭ്യാസം പൂര്ത്തീകരിച്ചത്. കഥകളിയേക്കാളും മൃദംഗവായനയായിരുന്നു അക്കാലത്ത് ഹരം. തുടര്ച്ചയായി മൂന്നു വര്ഷം കഥകളിയില് സംസ്ഥാന സ്കൂള് യുവജനോത്സവത്തില് ഒന്നാം സ്ഥാനം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോണിലും ഇന്റര് സോണിലും കഥകളിയിലും മൃദംഗത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 1991ല് കാസര്കോട്ട് നടന്ന സംസ്ഥാന സ്കൂള് യുവജനോത്സവത്തില് വിന്ദുജ മേനോന് കലാതിലകമായപ്പോള് പിന്നണിയില് പക്കമേളക്കാരനായി രാജീവുണ്ടായിരുന്നു. ഗുല്ബര്ഗ സര്വകലാശാലയില് നടന്ന സാര്ക്ക് രാജ്യങ്ങളുടെ സര്വകലാശാല മീറ്റില് മൃദംഗത്തില് ഡോക്ടര് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കഥകളി ജീവിതംതന്നെയായ കുടുംബത്തില്നിന്നു വന്നതുകൊണ്ടാണ് താന് കഥകളിക്കാരനായ ചികിത്സകനായി തുടരുന്നത് എന്ന സത്യം ഡോക്ടര് സമ്മതിക്കും. ലവന്റെ വേഷമിട്ട ജയന്തി ദേവരാജ് ഓട്ടന് തുള്ളല്, കഥകളി, മോഹിനിയാട്ടം എന്നിവയില് വൈദഗ്ധ്യം തെളിയിച്ചുകൊണ്ടിരിക്കുന്നതും രസതന്ത്രം ഗവേഷണം പൂര്ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി ഡോ. ആര്. ബിന്ദു അവതരിപ്പിച്ച കഥകളിയിലും ജയന്തി ദേവരാജ് ഹംസം മായി വേഷമിട്ടിരുന്നു. ഇവരുടെ സഹോദരി ജയശ്രി തോഴിയായും വേഷമിട്ടിരുന്നു.