നിപ്മറില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക അഡാപ്റ്റീവ് ഗെയിം സോണ്‍ തുടങ്ങി
പുനരധിവാസ കേന്ദ്രത്തിലെ ആദ്യ അഡാപ്റ്റീവ് ഗെയിം സോണ്‍
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക പരിശീലനത്തിനും തെറാപ്പികള്‍ക്കുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) അഡാപ്റ്റീവ് ഗെയിം സോണ്‍ തുടങ്ങി. കളിയുല്ലാസത്തിനൊപ്പം ചികിത്സാപരമായ ഗുണങ്ങള്‍ കൂടി ലഭിക്കത്തക്ക രീതിയിലാണ് ഗെയിം സോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൈകാലുകള്‍ക്ക് ശേഷി കുറഞ്ഞവര്‍ക്കും ഓട്ടിസം, ഇതര നാഡീസംബന്ധമായ വളര്‍ച്ചാ പ്രശ്നം നേരിടുന്നവര്‍, നട്ടെല്ലിന് ക്ഷതം ഏറ്റവര്‍, പക്ഷാഘാതം വന്നവര്‍ എന്നിങ്ങനെ നിപ്മറില്‍ പുനരധിവാസ ചികിത്സ തേടുന്ന കുട്ടികളുടേയും മുതിര്‍ന്നവരുടേയും ശാരീരിക ക്ഷമത വര്ദ്ധിപ്പിക്കുന്നനും മാനസികോല്ലാസം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സ്പോര്‍ട്സ് ആക്റ്റീവിറ്റി സോണ്‍ സജമാക്കിയിരിക്കുന്നത്. ഓരോ വിഭാഗം ഭിന്നശേഷിക്കാരുടെയും ശാരീരികാവസ്ഥ കണക്കില്‍ എടുത്തുകൊണ്ടുള്ള കളിയുപകരണങ്ങള്‍ ഇവിടെ സജീകരിച്ചിട്ടുണ്ട്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സന്ധിബോധം വികസിപ്പിക്കുകയും ശാരീരിക ക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യാന്‍ ഉതകുന്ന ഗയിമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു. വീല്‍ ചെയറിലിരുന്ന് കളിക്കാവുന്ന ടേബിള്‍ ടോപ് സിമുലേഷന്‍ ക്രിക്കറ്റ്, മൂന്നു പേര്‍ക്ക് കളിക്കാവുന്ന ഫുട്ബോള്‍, ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന ബാസ്കറ്റ് ബോള്‍ റിംഗ് എന്നിവയും സോണില്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ശീതീകരിച്ച ഗെയിം സോണ്‍ 41.35 ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. ഒരു പുനരധിവാസ ചികിത്സാ കേന്ദ്രത്തില്‍ ആദ്യമായാണ് വിപുലമായ അടപ്റ്റഡ് ഗെയിം സോണ്‍ സജീകരിക്കുന്നത്.