ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഇന്ത്യ ലോക ശക്തിയാകും: ക്രിസ്റ്റോ ജോര്‍ജ്
ഇരിങ്ങാലക്കുട: അമേരിക്കയും ജപ്പാനും ചൈനയും ആധിപത്യം പുലര്‍ത്തി വന്ന സാങ്കേതിക രംഗത്ത് വരും കാലം ഇന്ത്യയുടേതായിരിക്കും എന്ന് ഹൈക്കോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ക്രിസ്റ്റോ ജോര്‍ജ്. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച മെഗാ പ്രോജക്ട് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ തൊഴില്‍ മേഖലകളെല്ലാം പുനക്രമീകരണത്തിന് വിധേയമാകും. നൂതനാശയങ്ങളും സംരംഭങ്ങളുമായിരിക്കും ലോകത്തെ മുന്നോട്ട് നയിക്കുക. അഭ്യസ്തവിദ്യരായ യുവാക്കള്‍ ഏറെയുള്ള ഇന്ത്യക്ക് ഈ പുതിയ ലോക ക്രമത്തില്‍ മുന്നേറാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ എഴുപത്തഞ്ചോളം പ്രോജക്ടുകളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ക്രിസ്റ്റോ ജോര്‍ജ് എക്സ്പോ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. സാങ്കേതിക, വ്യവസായ,മേഖലകളില്‍ നല്കിയ സംഭാവനകള്‍ക്ക് ക്രിസ്റ്റോ ജോര്‍ജിന് ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളജിന്റെ ആദരം സമര്‍പ്പിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്ജിിനീയറിംഗ് വിഭാഗം മേധാവി ഡോ. എ.എന്‍. രവിശങ്കര്‍, ക്രൈസ്റ്റ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഡയറക്ടര്‍ സുനില്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടാഴ്ചയായി നടന്നുവന്ന മൊബൈല്‍ റോബോട്ടിക്സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.