അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്കൂളുകളില്‍ സുരക്ഷ ഉറപ്പുവരുത്തണം: കെപിഎസ്ടിഎ

കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സമ്മേളനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളീയ സമൂഹം അതിസങ്കീര്‍ണമായ സാമൂഹിക അവസ്ഥയില്‍ കൂടി കടന്നുപോവുകയാണെന്നും മാറിയ കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
കുട്ടികളെയും അവരുടെ പ്രശ്നങ്ങളെയും കുടുംബാന്തരീക്ഷവുമായി വിലയിരുത്തി സമഗ്ര പരിഹാരങ്ങള്‍ വേണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു. എല്ലാ അധ്യാപക നിയമനങ്ങളും പാസാക്കണമെന്നും സര്‍വീസിലുള്ള എല്ലാ അധ്യാപകര്‍ക്കും തൊഴില്‍ സംരക്ഷണം നല്‍കണമെന്നും വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യുന്നതിന് അന്തരീക്ഷം ഒരുക്കുന്നതിന് സാമൂഹിക പിന്തുണ ഉറപ്പാക്കണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
കോവിഡ് അനന്തരകാലത്തെ ജനനനിരക്കിനെ അനുപാതമാക്കി അടിയന്തിരമായി ഹൈസ്കൂളിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം പരിഷ്കരിക്കണമെന്നും കെപിഎസ്ടിഎ സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടന്ന സമ്മേളനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷനായിരുന്നു.
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹഖ്, എ.എന്‍. വാസുദേവന്‍, ഷാഹിദ റഹ്മാന്, എം.ജെ. ഷാജി, എം.ആര്. ആംസന്‍, ഷിജി ശങ്കര്‍, നിധിന് ടോണി, ആന്റോ പി. തട്ടില്‍, സിജി ദാമു, ടി.എസ്. സുരേഷ് കുമാര്‍, ബി. ബിജു, എന്‍.പി. രജനി, എം. സീന എന്നിവര്‍ പ്രസംഗിച്ചു.