ശ്രദ്ധ നേടി കറുപ്പഴകി; ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ തിരക്കഥാകൃത്ത് ശരത്കുമാറിനെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുടെ ജീവിതത്തിലൂടെ കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ കറുപ്പഴകി ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിനത്തില്‍ ശ്രദ്ധ നേടി. പ്രദര്‍ശനത്തിനും സംവാദങ്ങള്‍ക്കും ശേഷം സംവിധായിക ഐ.ജി. മിനിയെ മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹൂ ആദരിച്ചു. പ്രഫ. ലിറ്റി ചാക്കോ, പി.കെ. ഭരതന് മാസ്റ്റര്‍, രാധാകൃഷ്ണന് വെട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആദിത്യ ബേബി സംവിധാനം ചെയ്ത കാമദേവന് നക്ഷത്രം കണ്ടു എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
തിരക്കഥാകൃത്ത് ശരത്കുമാര്, നടന്മാരായ അതുള്സിംഗ്, മജീദ് ഹനീഫ, ക്യാമറാമാന് ന്യൂട്ടണ്‍ എന്നിവരെ നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ആദരിച്ചു. ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ മാര്‍ച്ച് 12 ന് രാവിലെ 10 ന് കേരളത്തിലെ ജലപാതകളുടെ കഥ പറയുന്ന ജലമുദ്ര, 12 ന് അന്തര്‍ദേശീയഅംഗീകാരങ്ങള്‍ നേടിയ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, വൈകീട്ട് ആറിന് ഗാസയില്‍ നിന്നുള്ള നേരനുഭവങ്ങള്‍ ചിത്രീകരിച്ച അണ്‍ടോള്‍ഡ് സ്റ്റോറീസ് ഫ്രം ഗാസ ഫ്രം ഗ്രൗണ്ട് സീറോ എന്നിവ പ്രദര്‍ശിപ്പിക്കും.