കൊടുവാള് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമം; ഒരാള് കൂടി അറസ്റ്റില്

ആളൂര്: ആളൂര് സ്വദേശി വട്ടപ്പറ പറമ്പില് അമീഷിനെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസില് ആളൂര് പൊരുന്നംകുന്ന് സ്വദേശി പൊന്മിനിശ്ശേരി വീട്ടില് ജിന്റോ ജോണി (36) നെ അറസ്റ്റ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടില് വലിയ മല്ലു എന്ന മിഥുന്, ഇയാളുടെ അനുജന് കുഞ്ഞു മല്ലു എന്ന അരുണ്, ആളൂര് സ്വദേശി കൈനാടത്തുപറമ്പില് ജെനില്, ആളൂര് ഇല്ലത്തുപറമ്പില് വീട്ടില് മുഹമ്മദ് ജാസിക് എന്നിവരെ കൃത്യം നടന്ന സ്ഥലത്തേക്ക് വാഹനത്തില് എത്തിക്കുകയും കൃത്യത്തിനുശേഷം ഒളിവില് പോകാന് സഹായിക്കുകയും ചെയ്തതിനാണ് ജിന്റോ യെ അറസ്റ്റ് ചെയ്തത്.
തൃശൂര് റൂറല് എസ്.പി. ബി.കൃഷ്ണകുമാറിന്റെ നിര്ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷ്, ആളൂര് ഇന്സ്പെക്ടര് കെ.എം.ബിനീഷ് എന്നിവരുടെ സംഘം പിടികൂടിയത്. ആളൂര് സ്വദേശി വട്ടപ്പറപറമ്പില് അമീഷിന്റെ വീട്ടിലേക്ക് നാലുപേര് കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമീഷിനെ വെട്ടുകയായിരുന്നു. ഇതു തടയാന് ചെന്ന അമീഷിന്റെ സഹോദരന് അജീഷിന്റെ ഇടതു കൈയ്യ്ക്ക് വെട്ടേറ്റു രണ്ടു വിരലുകള് അറ്റുപോയി ഗുരുതര പരിക്കേല്ക്കുകയുംഅമീഷിനെ ഇരുമ്പു വടി കൊണ്ട് അടിച്ചും പരിക്കേല്പിക്കുകയും ചെയ്തു.
അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുണ് പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര് അമീഷിനെയും സഹോദരനെയും ആക്രമിച്ചത്. ഈ കേസിലെ പ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടില് വലിയ മല്ലു എന്ന മിഥുന്, ഇയാളുടെ അനുജന് കുഞ്ഞു മല്ലു എന്ന അരുണ്, ആളൂര് സ്വദേശി കൈനാടത്തുപറമ്പില് ജെനില്, ആളൂര് ഇല്ലത്തുപറമ്പില് വീട്ടില് മുഹമ്മദ് ജാസിക് എന്നിവരെ നേരത്തെ തന്നെ പിടികൂടിയിരുന്നു ഇവര് ഇപ്പോള് ജയിലിലാണ്.
ജിന്റോ ആളൂര് പോലീസ് സ്റ്റേഷന് റൗഡി ആണ്. 2017 ല് ചാലക്കുടി പോലീസ് സ്റ്റേഷനില് ഒരു കവര്ച്ചാക്കേസും, രണ്ട് വധശ്രക്കേസും, കൊരട്ടി പോലീസ് സ്റ്റേഷനില് ഒരു കവര്ച്ചാക്കേസും, 2021 ല് ചാലക്കുടി പോലീസ് സ്റ്റേഷനില് സ്ത്രീയെ ആക്രമിച്ചതിനുള്ള കേസും, 2023 ല് മാള പോലീസ് സ്റ്റേഷനില് ഒരു വധശ്രമക്കേസും അടക്കം ആറ് ക്രിമിനല് കേസുകളില് പ്രതിയാണ്.