ഇറിഡിയം നിക്ഷേപത്തട്ടിപ്പ്; പോലീസിന് നിസ്സംഗത, പോലീസ്റ്റേഷനു മുന്നില്‍ നിരാഹാര സമരം നടത്താന്‍ നീക്കം.

ഇരിങ്ങാലക്കുട: 500 കോടിയുടെ ഇറിഡിയം നിക്ഷേപത്തട്ടിപ്പില്‍ പ്രതികള്‍ക്കതിരെ നടപടി സ്വീകരിക്കാത്തതില്‍ നിക്ഷേപകരില്‍ അമര്‍ഷം. അറസ്റ്റ് അടക്കമുള്ള നടപടികളില്‍ നിന്നും പ്രതികളെ ഒഴിവാക്കി പ്രതികള്‍ക്ക് നാടുവിടുന്നതിനുള്ള അവസരം ഒരുക്കുന്നതായും നിക്ഷേപകര്‍ ആരോപിച്ചു. തട്ടിപ്പിലെ പ്രധാനികള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് പോലീസിനെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്തു പിറ്റേ ദിവസം മുല് പ്രതിപട്ടികയിലുള്ളവരെ ഫോണുകളില്‍ ബന്ധപ്പെടുവാന്‍ സാഘിക്കാത്ത അവസ്ഥയിലാണ്.
പരാതിക്കാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്. പരാതി നല്കാതിരുന്നാല് നിക്ഷേപത്തുക തിരികെ നല്‍കാമെന്ന വാഗ്ദാനമാണ് നല്‍കിയിരിക്കുന്നത്. പരാതിപ്പെടാത്തവര്‍ക്ക് ഈ മാസം 23 നുള്ളില്‍ നിക്ഷേപം തിരികെ തരുമെന്നാണ് ആദ്യം ഉറപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ പലരോടും ഇന്നോ ഈ മാസം 30 നേ നിക്ഷേപം തിരികെ നല്‍കാമെന്നും തിയതി മാറ്റി അറിയിച്ചിരിക്കുകയാണ്. ഇതു കാരണം പരാതി നല്കാന് പലരും മടിക്കുകയാണ്. തൃശൂരിലെ ഒരു അഭിഭാഷകനും കലാകാരനും ഉള്‍പ്പെടുന്ന 36 പേര്‍ക്ക് മൂന്നരക്കോടിയാണ് ഇറിഡിയം തട്ടിപ്പിലൂടെ നഷ്ടമായത്.
പെരിഞ്ഞനം സ്വദേശി ഹരിസ്വാമി, ഇരിങ്ങാലക്കുട സ്വദേശി ജിഷ, മാപ്രാണം സ്വദേശി പ്രസീദ എന്നിവര്‍ക്കതിരെയാണ് മാടായിക്കോണം സ്വദേശി മനോജ് നല്കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. പ്രധാന കണ്ണിയായ ഹരിസ്വാമി 13 വര്‍ഷം മുന്‍പേ നാഗമാണിക്യം തട്ടിപ്പുകേസില്‍ പിടിയിലായിട്ടുണ്ട്. നിക്ഷേപത്തിന് തെളിവ് നല്‍കാറില്ല. പകരം, തിരികെ കിട്ടുന്ന കോടിയുടെ ഒരംശത്തിനുള്ള തുകയ്ക്ക് തുല്യമായ കറന്‍സിയില്‍ ഒപ്പിട്ട് നല്‍കുകയാണ് പതിവ്. പണം നല്‍കിയതിന് തെളിവില്ലാത്തതിനാലാണ് കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്തതെന്നാണ് പോലീസ് പറയുന്നത്. പണം നല്‍കിയതിന് അക്കൗണ്ടില്‍ തെളിവോ സ്വീകരിച്ചതിന് ചെക്കോ രേഖകളോ ഇല്ല.
ഒരാള്‍ രൂപ ഒട്ടിച്ച പേപ്പറില്‍ ഒപ്പിട്ടു നല്കിയാല് അത് പണമിടപാടിന് തെളിവാകുന്നില്ല. ഇക്കാര്യമെല്ലാം മനസ്സിലാക്കി ആസൂത്രിതമായ തട്ടിപ്പാണ് സംഘം നടത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച പോലീസ് സ്റ്റേഷനു മുന്നില്‍ നഗരസഭ കൗണ്‍സിലര്‍ ഷാജുട്ടന്‍ നിരാഹാരം നടത്തുവാനാണ് നീക്കം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും നിരാഹാരസമരം. സമരത്തിന് പിന്തുണയുമായി പണം നഷ്ടപ്പെട്ട നിക്ഷപകരും പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.