ആദരം 2025; വിദ്യാഭ്യാസ പുരസ്കാരവിതരണം നടത്തി

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം തല വിദ്യാഭ്യാസ പുരസ്കാര വിതരണം ആദരം 2025 മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്കും മന്ത്രി ആര്. ബിന്ദു പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഇതോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഗംഗ ഗോപി, കീം പരീക്ഷയില്‍ മികച്ച വിജയം നേടിയ ഇരിങ്ങാലക്കുട സ്വദേശികളായ ഹരികിഷന് ബൈജു, കെ.എസ്. അഭിനവ്, ഐഎസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇര്ഫാന് മയൂഫ്, പഠന വൈകല്യത്തെ അതിജീവിച്ച് ഇംഗ്ലീഷില്‍ പുസ്തകം രചിച്ച നാലാം ക്ലാസുകാരന് പി.എസ്. ഫിദല്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി പ്രത്യേകം ആദരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കിയ സ്കൂളുകള്‍ക്കും പ്ലസ് ടു പരീക്ഷയില്‍ 100% വിജയം കൈവരിച്ച സ്കൂളുകള്‍ക്കും പ്രത്യേകം പുരസ്കാരങ്ങള്‍ നല്കി. വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ജനപ്രതിനിധികളുള്‍പ്പടെ നിരവധി പേര് ആദരത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഗംഗ ഗോപി മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോര്‍ജോ, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.