ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
ഫാ. ജോളി വടക്കന്‍.
കാക്കനാട്: ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച് വത്തിക്കാന്‍നിന്നുള്ള അറിയിപ്പ് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ലെയോപോള്‍ദോ ജിറേല്ലി വഴി ലഭിച്ചു.
ഗള്‍ഫുനാടുകളില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അജപാലന സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും കര്‍മപദ്ധതി തയാറാക്കാനുമാണ് അപ്പോസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്. അറേബ്യന്‍ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലും ആയിരിക്കും അപ്പസ്തോലിക് വിസിറ്റര്‍ പ്രവര്‍ത്തിക്കുന്നത്.
ദൗത്യ നിര്‍വഹണത്തിന്റെ എല്ലാ വിശദാംശങ്ങളും പരിശുദ്ധ സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭ മുഴുവനും പ്രത്യേകിച്ച് ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ വിശ്വാസി സമൂഹവും ഏറെ നാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോള്‍ വത്തിക്കാന്‍ നടത്തിയിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ റാഫല്‍ തട്ടില്‍ പിതാവും പെര്‍മനന്റ് സിനഡംഗങ്ങളും 2024 മെയ് 13ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഔപചാരികമായി സന്ദര്‍ശിച്ച അവസരത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് പരിശുദ്ധ പിതാവ് നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ഗള്‍ഫുനാടുകളില്‍ സീറോ മലബാര്‍ സഭക്ക് അജപാലനാവകാശം ലഭിച്ചത്.
അതിനെ തുടര്‍ന്ന് 2024 ഒക്ടോബര്‍ 29ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെയും ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെയും മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെയും സാന്നിധ്യത്തില്‍ കര്‍ദിനാള്‍ പിയത്രോ പരോളിന് പിതാവിന്റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റില്‍ നടത്തിയ ഉന്നതാധികാരയോഗത്തിലാണ് ഗള്‍ഫുനാടുകളില്‍ രൂപപ്പെടുത്താനിരിക്കുന്ന അജപാലന സംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാന്‍ തീരുമാനമായത്. അതിന്‍പ്രകാരം വത്തിക്കാന്റെ നിര്‍ദ്ദേശമനുസരിച്ച് 2025 ജനുവരി മാസത്തില്‍ സമ്മേളിച്ച 33-ാമത് മെത്രാന് സിനഡിന്റെ ഒന്നാം സമ്മേളനം പ്പസ്തോലിക് വിസിറ്റര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെടാവുന്ന ഏതാനും പേരുകള്‍ തീരുമാനിച്ച് വത്തിക്കാനില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഈ നടപടികളുടെ പൂര്‍ത്തീകരണത്തിലാണ് ഇപ്പോള്‍ അപ്പസ്തോലിക്ക് വിസിറ്റര്‍ നിയമിതനായിരിക്കുന്നത്. 1965ല്‍ തൃശൂര്‍ ജില്ലയിലെ മാളയില്‍ ജനിച്ച ഫാ. ജോളി വടക്കന്‍ പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി തൃശൂര്‍ രൂപത മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം 1989ല്‍ അന്നത്തെ ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളില്‍ ശുശ്രൂഷ ചെയ്ത ശേഷം ഫാ. ജോളി വടക്കന്‍ റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് മീഡിയയിലും മതബോധനത്തിലും ലൈസന്‍ഷ്യേറ്റ് ബിരുദം കരസ്ഥമാക്കി. രൂപതാ മീഡിയ ഡയറക്ടര്‍, മതബോധന ഡയറക്ടര്‍, അപ്പസ്ത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേ വിവിധ ഇടവകകളില്‍ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട. 2013 മുതല്‍ 2019 വരെ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ മാധ്യമ കമ്മീഷന് സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതല്‍ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

പ്രവാസികള്‍ക്കുവേണ്ടി ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ്സ് മിഷന് ആരംഭിച്ചു
ഖേലോ ഇന്ത്യയില്‍ മിന്നിതിളങ്ങി ക്രൈസ്റ്റ് കോളജ്
പദ്മജ്യോതി പുരസ്കാരം ചിത്ര വിശ്വേശ്വരനും കെ.എസ്. ബാലകൃഷ്ണനും
കത്തോലിക്ക കോണ്‍ഗ്രസിന്റെ അഖില കേരള വടം വലി മത്സരം; അവന്ജര്സ് വാണിയംകുളം ജേതാക്കള്‍
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാഡ്മിന്റണ്‍ വിജയികളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ ടെന്നീസ് വിജയികളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം