ഇപ്പോൾ കൂലിപ്പണി; താമസം വാടകവീട്ടിൽ – മുൻ ഭരണസമിതിയിലെ സിപിഐ അംഗം സുഗതൻ
ഇരിങ്ങാലക്കുട: വാടകവീട്ടിലാണു താമസമെന്നും കൂലിപ്പണിയെടുത്താണു ജീവിക്കുന്നതെന്നും മുൻ ഭരണസമിതിയിലെ സിപിഐ അംഗം സുഗതൻ. കരുവന്നൂരിലെ ഒരു കന്പനിയിൽ ദിവസവും മുന്നൂറുരൂപയ്ക്കു സെക്യൂരിറ്റി ജോലിയാണ്. മൂർക്കനാട് ഇടിഞ്ഞു വീഴാറായ വാടകവീട്ടിലാണു താമസം. തട്ടിപ്പുകേസിൽ പ്രതിയായതോടെ പാർട്ടിയും കുടുംബാംഗങ്ങളും കൈവിട്ടു. കട വാങ്ങിയാണു കേസ് നടത്തിയത്. 1.20 കോടിയുടെ ബോണ്ട് അടച്ചാണു ജാമ്യം നേടിയത്. മകനോട് ഇക്കാര്യം പറയുന്പോൾ പാർട്ടി പ്രവർത്തനം നടത്തിക്കിട്ടിയ സന്പാദ്യമല്ലേയെന്നാണു മറുപടി. ഇടപ്പെടണമെന്ന് സിപിഐ മണ്ഡലം കമ്മറ്റിയോട് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു. സംസ്ഥാന സെക്രട്ടറിയോടു പറഞ്ഞപ്പോൾ പാർട്ടി യോഗങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. തട്ടിപ്പിൽ പ്രധാനിയായ കിരണിനെ ജയിലിൽ കഴിയുന്പോൾ മാത്രമാണ് കണ്ടതെന്നും സുഗതൻ പറഞ്ഞു.
ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി
സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണം
ഇരിങ്ങാലക്കുട: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയെന്നു സുഗതൻ. നിരപരാധിത്വം തെളിയിക്കാൻ വർഗീസിനെ മീപിച്ചെങ്കിലും തന്നോടു കയർത്തു. നിരപരാധിത്വം തെളിയിക്കാനും സിപിഎമ്മിന്റെ പങ്കു വെളിപ്പെടുത്താനും പത്രസമ്മേളനം വിളിക്കുമെന്നു പറഞ്ഞിരുന്നു. വീട്ടിലേക്കു മടങ്ങിയെങ്കിലും അരമണിക്കൂറിനുള്ളിൽ ക്രൈം ബ്രാഞ്ച് ഓഫീസിൽനിന്നു ഫോണ്‍വിളിയെത്തി. ജാമ്യവ്യവസ്ഥ എന്താണെന്നറിയുമോ എന്നു ചോദിച്ചായിരുന്നു ഭീഷണി. അഭിഭാഷകനാണ് ഇക്കാര്യമറിയുകയെന്നു പറഞ്ഞു കോൾ കട്ട് ചെയ്തു. ഇതോടെ പത്രസമ്മേളനം ഉപേക്ഷിച്ചു.