അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍
തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍
വിശുദ്ധ മറിയം ത്രേസ്യയുടെ ദര്‍ശനത്തില്‍ പിറവി കൊള്ളുകയും ധന്യന്‍ ജോസഫ് വിതയത്തില്‍ അച്ചന് ആശീര്‍വദിക്കുകയും ചെയ്ത കലാലയം
ഇരിങ്ങാലക്കുട: അതിരുകളില്ലാത്ത വിജ്ഞാനലോകത്തിലേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയര്‍ത്തി, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രകാശം പകരുന്ന തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ ശതാബ്ദിയുടെ അഭിമാന നിറവില്‍. ഒരു നൂറ്റാണ്ട് മുമ്പ് വിതച്ച വിജ്ഞാനത്തിന്റെ വിത്തുകള്‍ ഇന്ന് സമൂഹത്തിന്റെ നന്മയ്ക്കായി ഫലഭൂയിഷ്ഠമായി വളര്ന്നുനില്ക്കുന്നു. 1926 ലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിക്കപ്പെട്ടത്. കുടുംബങ്ങളെ ക്രൈസ്തവ ചൈതന്യത്തില്‍ വളര്‍ത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ വിശുദ്ധ മറിയം ത്രേസ്യയുടെ ജ്വലിക്കുന്ന ദര്‍ശനത്തില്‍ പിറവികൊള്ളുകയും ധന്യന്‍ ജോസഫ് വിതയത്തില്‍ അച്ചന് ആശീര്‍വദിക്കുകയും ചെയ്ത ഈ സ്ഥാപനത്തിന് ആരംഭം മുതല്‍ തന്നെ ആത്മീയവും സാമൂഹികവുമായ ദൗത്യമുണ്ടായിരുന്നു.
ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ മൂന്നാമത്തെ ശാഖാ മഠമായ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് മഠം ആരംഭിച്ച അതേ വര്‍ഷം സ്കൂള്‍ വര്‍ഷാരംഭത്തില്‍ മഠത്തോടനുബന്ധിച്ച വരാന്തയിലും രണ്ടു ഹാളുകളിലായി ഒന്നും രണ്ടും ക്ലാസുകള്‍ ആരംഭിച്ചു. സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ ലൈബര്ത്ത, സിസ്റ്റര്‍ സ്കൊളാസ്റ്റിക്ക എന്നിവര്‍ ആദ്യ അധ്യാപികമാരായി സേവനം അനുഷ്ഠിച്ചു. ആദ്യവര്‍ഷം തന്നെ ഒന്നും രണ്ടും ക്ലാസുകള്‍ക്ക് ഗ്രാന്റ് ലഭിക്കുകയും തുടര്‍വര്‍ഷം മൂന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ സ്കൂളിനായി 40 രൂപ നല്കി പറോക്കാരന്‍ അന്തോണി റപ്പായിയുടെ പക്കല്‍ നിന്നും സ്ഥലം വാങ്ങി പുതിയ കെട്ടിടനിര്‍മാണം ആരംഭിച്ചു. തുടര്‍ന്ന് നാലാം ക്ലാസ് ആരംഭിക്കുകയും മൂന്നാം ക്ലാസ് പഠിപ്പിക്കുന്നതിനായി വാഴക്കാല ദേവസിയുടെ മകള്‍ താണ്ടയെ അധ്യാപികയായി നിയമിക്കുകയും ചെയ്തു.
ഏകദേശം 1200 രൂപ ചെലവില്‍ സ്കൂള്‍ കെട്ടിടം നിര്‍മിക്കപ്പെട്ടു. 800 രൂപ സിസ്റ്റേഴ്സിന്റെ പത്രമേനിയും പറോക്കാരന്‍ ലോന കുഞ്ഞുവറീതിന്റെ സംഭാവനയും ബാക്കി തുക നാട്ടുകാരുടെ സഹകരണവും ചേര്‍ന്നാണ് ഈ മഹത്തായ ദൗത്യം പൂര്‍ത്തിയായത്. 1929 മെയ് മാസത്തില്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും പറോക്കാന് കുഞ്ഞുവറീതിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷവും അന്നത്തെ രൂപത ജനറാളായ ഇടക്കുളത്തൂര്‍ മത്തായി അച്ചന്റെ അധ്യക്ഷതയില്‍ ആഘോഷപൂര്‍വ്വം നടന്നു. കാലാനുസൃതമായ മാറ്റങ്ങളോടൊപ്പം വിദ്യാലയവും വളര്‍ന്നു മുന്നേറി. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ഗുണമേന്മയുള്ളതുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി 2010ല്‍ സ്കൂളിന്റെ പുതിയ കെട്ടിടം നിര്‍മിക്കപ്പെട്ടു. ആധുനിക സൗകര്യങ്ങളോടെ ഉയര്‍ന്നുവന്ന പുതിയ കെട്ടിടം വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് പുതിയ അധ്യായമായി മാറി.
സ്നേഹവും കരുണയും നിറഞ്ഞ ജീവിതമൂല്യങ്ങളും പകര്‍ന്നു നല്കുന്നു – സിസ്റ്റര്‍ റോസ്ലിറ്റ് സിഎച്ച്എഫ് (ഹെഡ്മിസ്ട്രസ്)

അക്ഷരജ്ഞാനത്തോടൊപ്പം സ്നേഹവും കരുണയും നിറഞ്ഞ ജീവിതമൂല്യങ്ങളും പകര്‍ന്നു നല്‍കുന്നതിനും ദൈവവിശ്വാസവും ദൈവസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. നൂറു വര്‍ഷങ്ങളുടെ പാരമ്പര്യവും വിശ്വാസവും കരുതലും ചേര്‍ത്ത് തലമുറകളെ വളര്‍ത്തിയ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രകാശഗോപുരമായി തലമുറകള്‍ക്ക് വഴികാട്ടിയായി നിലകൊള്ളുകയാണ്. ശതാബ്ദി ആഘോഷങ്ങള്‍ 16, 17 തിയതികളില്‍ നടക്കും. ഇിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍, ഹോളി ഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. സിസ്റ്റര്‍ ആനി കുര്യാക്കോസ്, നിയുക്ത എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന്, തുമ്പൂര്‍ സെന്റ് മാത്യൂസ് ചര്‍ച്ച് വികാരി ഫാ. സിബു കള്ളാപറമ്പില്‍, മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചര്‍, പാവനാത്മ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. സിസ്റ്റര്‍ ട്രീസാ ജോസഫ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ചൈതന്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി