കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മ്മിച്ച ജലസംഭരണി ഉദ്ഘാടനം ചെയ്തു
ആളൂര്‍: പഞ്ചായത്തിലെ കല്ലേറ്റുംകര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മ്മിച്ച ജലസംഭരണി ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സിഎംഎസ് കോളജ് നടത്തിയ വാട്ടര്‍ മാപിംഗിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ള അപര്യാപ്തതയുളള സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ സജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ടാങ്കിനായി സ്ഥലം വിട്ടുനല്‍കിയ പള്ളി അധികാരികളെയും ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു. ജലസംഭരണിയുടെ കാലപ്പഴക്കവും കുറഞ്ഞ സംഭരണശേഷിയും ജലവിതരണത്തിന് തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ എംഎല്‍എ കെ.യു. അരുണന് മാസ്റ്ററുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം പൂര്‍ത്തിയാക്കിയത്. നവീകരണത്തിന്റെ ഭാഗമായി 25,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് പൊളിച്ച് 50,000 ലിറ്ററാക്കി. പൂപ്പച്ചിറയിലുളള പമ്പ്ഹൗസില്‍ നിന്നും സബ്മെര്‍സിബിള്‍ പമ്പ്സെറ്റ് ഉപയോഗിച്ച് പൈപ്പുവഴി കല്ലേറ്റുംകര ജലസംഭരണിയില്‍ വെള്ളം എത്തിക്കും. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 23 വാര്‍ഡുകളിലെ 7538 ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പത്ത് കിലോമീറ്റര്‍ വിതരണ ശൃംഖലയും 75 പൊതുടാപ്പുകളും 710 കുടിവെള്ള കണക്ഷനുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് അധികാരികള്‍ സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ് ജലസംഭരണി സ്ഥാപിച്ചത്. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, മുന്‍ എംഎല്‍എ കെ.യു. അരുണന് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (വാട്ടര്‍ അതോറിറ്റി) വിജു മോഹന്‍ പദ്ധതി വിശദീകരിച്ചു.