ആവേശം നിറച്ച് കൂടൽമാണിക്യം ക്ഷേത്രോത്സവം കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന് (3.05.2023)
ഇരിങ്ങാലക്കുട: വൈഷ്ണവ മന്ത്രത്താൽ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവക്കാഴ്ചകൾക്കാണ് കൊടിയേറിയത്. ഇതോടെ ഇനി പത്തുനാൾ നഗരം ഉത്സവലഹരിയിൽ. ഇന്നലെ രാത്രി പാണിയും തിമിലയും ചേങ്ങിലയും ചേർന്നു സൃഷ്ടിച്ച നാദലയത്തിൽ മന്ത്രങ്ങൾ ആവാഹിച്ചു ക്ഷേത്രം തന്ത്രി നഗരമണ്ണ് നാരായണൻ നമ്പൂതിരിയാണു കൊടിയേറ്റം നിർവഹിച്ചത്. നൂറുകണക്കിന് ഭക്തർ ചടങ്ങിനെത്തിയിരുന്നു. ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് വൈകീട്ട് ആചാര്യവരണത്തിൽ കുളമണ്ണില്ലത്ത് രാമചന്ദ്രൻ മൂസ് കൂറയും പവിത്രവും ആചാര്യൻമാർക്ക് കൈമാറി. എട്ടുമണിയോടെ പാണികൊട്ടി വാഹനത്തേയും മറ്റും ആവാഹിച്ച കൊടിക്കൂറ, കൂർച്ചം, മണി, മാല എന്നിവ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചശേഷം തന്ത്രി കൊടിമരപൂജയും കൊടിയേറ്റും നടത്തി. ഈ സമയം കൂത്തമ്പലത്തിൽ കൂത്തിനായി മിഴാവ് കൊട്ടി. തുടർന്ന് അത്താഴപൂജ നടന്നു. തുടർന്ന് സൂത്രധാര കൂത്തും വില്യവട്ടത്ത് നങ്ങ്യാർമഠം അവതരിപ്പിച്ച നങ്ങ്യാർകൂത്തും അരങ്ങേറി. കൊരമ്പ് മൃദംഗ കളരിയിലെ കുട്ടികൾ അവതരിപ്പിച്ച മൃദംഗമേളവും നടന്നു.
ഇന്ന് കൊടിപ്പുറത്ത് വിളക്കാഘോഷം നടക്കും
ശ്രീകോവിലിൽനിന്ന് ഭഗവാൻ ആദ്യമായി പുറത്തേക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി രാവിലെ മണ്ഡപനമസ്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പദ്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകൾ, കുംഭേശകർക്കരി പൂജ, അധിവാസഹോമം എന്നിവ നടക്കും. വൈകീട്ട് വിശേഷാൽ പൂജകൾക്ക് ശേഷം ദേവനെ ശ്രീകോവിലിൽ നിന്നു പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാതൃക്കൽ ദർശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കൾക്കരികെ ഇരുത്തും. ഈ സമയത്ത് ഭഗവാനെ വണങ്ങാം. തുടർന്ന് ഭഗവത് തിടമ്പ് കോലത്തിൽ ഉറപ്പിച്ച് പുറത്തേക്കു വന്ന് സ്വന്തം ആനയായ മേഘാർജുനന്റെ പുറത്തേറ്റി എഴുന്നള്ളിക്കും. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂർത്തിയാക്കും. അഞ്ചാം പ്രദക്ഷിണത്തിലാണ് വിളക്കാചാരച്ചടങ്ങ്. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തുന്നതോടെ ആദ്യ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയ്ക്ക് ശേഷം ആദ്യപഞ്ചാരിക്ക് കോലുയരും. പതിനേഴ് ആനകൾ വിളക്കെഴുന്നള്ളിപ്പിൽ അണിനിരക്കും. രാത്രി 9.30 മുതൽ നടക്കുന്ന വിളക്കാഘോഷത്തിന്റെ ഭാഗമായുള്ള പഞ്ചാരിമേളത്തിന് ചേരാനെല്ലൂർ ശങ്കരൻ കുട്ടൻമാരാർ നേതൃത്വം നൽകും.
കൂടൽമാണിക്യം ഉത്സവം; ഇനി കലകൾ പൂക്കും കാലം
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികൾക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൃത്തയിനങ്ങൾ പത്തുദിവസത്തെ ഉത്സവ കലാപരിപാടികളിലുണ്ട്. പ്രശസ്ത കലാകാരന്മാരുടെ പരിപാടികൾക്കു പുറമെ പ്രാദേശിക കലാകാരന്മാരും കലാകാരികളും പരിപാടികൾ അവതരിപ്പിക്കും.
കൂടൽമാണിക്യത്തിൽ ഇന്ന്
(സ്പെഷൽ പന്തലിൽ)
ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ തിരുവാതിരക്കളി. നാല് മുതൽ 4.45 വരെ ആനന്ദ് കെ. രാജിന്റെ നേതൃത്വത്തിൽ കർണാടക സംഗീതം. 4.45 മുതൽ 5.30 വരെ രാഖി സുധീർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 5.30 മുതൽ ആറ് വരെ ഇരിങ്ങാലക്കുട ശിവരഞ്ജിനി മ്യൂസിക് ട്രൂപ്പ് വിദ്യാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചന. 6.30 മുതൽ ഏഴ് വരെ ഡോ. ഐശ്വര്യരാജ അവതരിപ്പിക്കുന്ന ഭരതനാട്യം. ഏഴ് മുതൽ എട്ട് വരെ പഞ്ചവീണ, എട്ട് മുതൽ 10.30 വരെ ഹരീഷ് ശിവരാമ കൃഷ്ണന്റെ സംഗീതകച്ചേരി, 12ന് ഉത്തരസ്വയംവരം മേജർ സെറ്റ് കഥകളി.
(കിഴക്കെ നടപ്പുരയിൽ)
രാവിലെ എട്ട് മുതൽ 9.30വരെ സദ്ഗുരു ത്യാഗരാജ പഞ്ചരത്നകീർത്തനാലാപനം, 9.30 മുതൽ ബ്രഹ്മശ്രീ കോവൈ ഗൗതം ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായഭജന.
(സംഗമം വേദി)
ഉച്ചതിരിഞ്ഞ് രണ്ട് മുതൽ തിരുവാതിരക്കളി, അഞ്ച് മുതൽ ആറ്വരെ തൃശൂർ പാർവ്വണ നാട്യഗാന സഭ ലതിക വർമ്മ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, ആറ് മുതൽ തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് അവതരിപ്പിക്കുന്ന കഥകളി-പ്രഹ്ലാദചരിത്രം, എട്ട് മുതൽ ഒമ്പത്വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തശില്പം-അംബ അംബിക അംബാലിക, ഒമ്പത് മുതൽ പത്ത് വരെ തൃശൂർ അരുൺ നമ്പലത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ കണ്ണകി ചിലപ്പതികാരം നൃത്തനാടകം.