സ്വന്തമായി ഇലക്ട്രിക് എടിവി നിര്‍മിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
ഇരിങ്ങാലക്കുട: സ്വന്തമായി ഇലക്ട്രിക് ഓള് ടെറൈന്‍ വെഹിക്കിള്‍ (എടിവി) നിര്‍മിച്ച് ചരിത്രമെഴുതി ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍. ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍മാരുടെ അഖിലേന്ത്യ സൊസൈറ്റിയായ എസ്എഇ ഹിമാചല്‍ പ്രദേശില്‍ വച്ച് സംഘടിപ്പിച്ച ഇ ബാഹ ചലഞ്ചിനായാണ് വാഹനം വികസിപ്പിച്ചെടുത്തത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകരായ സുനില്‍ പോള്‍, ഡോണി ഡൊമിനിക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ മുപ്പത്തിരണ്ട് വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് എട്ട് മാസത്തെ ശ്രമഫലമായി ഈ പ്രോജക്ട് പൂര്‍ത്തിയാക്കിയത്. പ്രൗളര് എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന് ഏഴു ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. എസ്എഇയുടെയും എആര്എഐയുടെയും പ്രോട്ടോക്കോളുകള്‍ എല്ലാം പാലിക്കുന്ന വിധത്തിലാണ് നിര്‍മാണം. മൂവായിരം ആര്‍പിഎം വേഗത കൈവരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നൂറ്റമ്പത് ടീമുകള്‍ മാറ്റുരച്ച ഇബാഹ ചലഞ്ചിന്റെ അവസാനഘട്ടത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച അഞ്ച് വാഹനങ്ങളില്‍ ഒന്നാകാന്‍ പ്രൗളറിന് കഴിഞ്ഞു. തൃശൂര്‍ ടെസ് ഇലക്ട്രിക് സ്കൂട്ടര്‍ ആണ് പ്രൗളറിന്റെ നിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സങ്കേതിക സഹായം നല്‍കിയത്. വാഹനത്തിന്റെ ലോഞ്ച് ഫീസിക്കലി ചലഞ്ച്ഡ് വിഭാഗത്തിലെ ലോകകപ്പ് ക്രിക്കറ്റ് താരം അനീഷ് പി. രാജന് നിര്‍വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐ, ഫാ. ആന്റണി ഡേവിസ് സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.