9000 മീറ്റര്‍ നൂല്, 3500ല്‍പരം നൂലിഴകള്‍, 290 സ്ക്രൂ;ഏഴുമണിക്കൂര്‍ കൊണ്ട് മദര്‍ തെരേസയുടെ ഛായാചിത്രം
വിന്‍സെന്റ് പല്ലിശേരിയുടെ കരവിരുത് ശ്രദ്ധേയം
ഇരിങ്ങാലക്കുട: വെള്ള ക്യാന്‍വാസില്‍ നൂലിഴകളാല്‍ മദര്‍ തെരേസയുടെ ചിരിക്കുന്ന ഛായാചിത്രമൊരുക്കി ശ്രദ്ധേയനായിരിക്കുകയാണ് നെടുമ്പാള്‍ സ്വദേശി വിന്‍സെന്റ് പല്ലിശേരി. പത്തടി നീളവും വീതിയുമായി 7.54 മീറ്റര്‍ വൃത്താകൃതിയിലുള്ള ക്യാന്‍വാസില്‍ വിശ്രമമില്ലാതെ ഏഴുമണിക്കൂര്‍ എടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ആദ്യം ക്യാന്വാസിന് ചുറ്റും 290 സ്ക്രൂ അടിച്ചുകയറ്റി. ഇതില്‍ നൂല് ചുറ്റി 3500ല്‍ പരം നൂലിഴകള്‍ തീര്‍ത്താണ് ചിത്രമൊരുക്കിയത്. ഇതിനായി സൂറത്തില്‍ നിന്ന് 12,000 മീറ്റര്‍ നൈലോണ്‍ നൂല് എത്തിച്ചു. ചിത്രം തീര്‍ക്കുന്നതിനിടയില്‍ നൂല് പൊട്ടിപോകാതിരിക്കുവാന് വളരെ ശ്രദ്ധിച്ചാണ് വരച്ചത്. 9000 മീറ്റര്‍ നൂലാണ് ഇതിനായി ഉപയോഗിച്ചത്.
അനാമോര്‍ഫിക് ആര്‍ട്ടിലൂടെ ശ്രദ്ധേയനായ വിന്‍സന്റിന് ലാര്‍ജ്സ്റ്റ് പിന് ആന്‍ഡ് ത്രഡ് ആര്‍ട്ട് കാറ്റഗറിയിലൂടെ ഈ ചിത്രത്തിന് ഗിന്നസ് വേള്‍ഡ് റെക്കോഡ് ലഭിച്ചു. ഇറാഖി പൗരനായ സയ്യിദ് ബാഷൂണ് ആറരഅടി വലിപ്പമുള്ള ചിത്രം നിര്‍മിച്ച് നേടിയ റെക്കോര്‍ഡാണ് വിന്‍സെന്റ് പല്ലിശേരി തകര്‍ത്തത്. നെടുമ്പാളിലുള്ള സ്വന്തം വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ എട്ടിനാരംഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് യജ്ഞം ഉച്ചതിരിഞ്ഞ് 3.30ന് ആണ് സമാപിച്ചത്. 67 വര്‍ഷത്തെ ഗിന്നസിന്റെ ചരിത്രത്തില്‍ വ്യക്തിഗത ഇനത്തില്‍ ഗിന്നസ് നേട്ടം കൈവരിക്കുന്ന അറുപതാമത്തെ മലയാളിയാണ് വിന്‍സന്റ് പല്ലിശേരി. ചിത്രകലയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള വിന്‍സന്റ് പല്ലിശേരിക്ക് അനാമോര്‍ഫിക് ആര്‍ട്ടില്‍ 2018ല്‍ യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് ലഭിച്ചിരുന്നു.
കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ ചിത്രകല അധ്യാപകനായ വിന്‍സന്റ് തൃശൂര്‍ ജില്ലയിലെ നെടുമ്പാള്‍ പല്ലിശ്ശേരി വീട്ടില്‍ പരേതനായ ലോനപ്പന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ സോഫിയ. മക്കള്‍ ആനി (സെന്റ് തോമസ് കോളജ്, തൃശൂര്‍), ആശ (പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പറപ്പൂക്കര) വിദ്യാര്‍ഥികളാണ്.