മഴക്കാല ദുരന്തനിവാരണത്തിനായി മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും സജ്ജമായിരിക്കണം: മന്ത്രി ഡോ.ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ കാലവര്‍ഷം മൂലം വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും മണ്ഡലം എംഎല്‍എ യുമായ ഡോ.ആര്. ബിന്ദു ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല കാലവര്‍ഷക്കെടുതി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റുന്നതിനും, ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യുന്നതിനും, കൊതുക് നിവാരണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. ഏത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും തയ്യാറായിരിക്കാന്‍ പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പ്, റവന്യൂ, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎല്‍ഡിസി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് മന്ത്രി ഡോ. ആര് ബിന്ദു നിര്‍ദേശിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് നടന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, സെക്രട്ടറി കെ.സി. ജിനീഷ്, നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, വൈദ്യുതി, റവന്യു, വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.