സഹോദരങ്ങള്‍ക്ക് നന്മ ചെയ്യുന്നതു വഴിയാണ് നാം ക്രൈസ്തവരാണെന്ന് ലോകം അറിയേണ്ടത്- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള മെഴ്സി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്കുന്ന തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പ് വിതരണം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സഹോദരങ്ങള്‍ക്ക് നന്മ ചെയ്യുന്നതു വഴിയാണ് നാം ക്രൈസ്തവരാണെന്ന് ലോകം അറിയേണ്ടതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള മെഴ്സി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്കുന്ന തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്കോളര്‍ഷിപ്പ് സ്വീകരിക്കുന്ന ഒരോ വിദ്യാര്‍ത്ഥികളും പഠനം പൂര്‍ത്തിയാക്കി ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ ഇതുപോലുള്ള നന്മകള് ചെയ്യണമെന്നും അതുവഴി ലോകത്തിന് ക്രൈസ്തവ സാക്ഷ്യം കൊടുക്കുന്നവരായി മാറണമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.
രൂപതയിലെ 56 ഇടവകകളില്‍ നിന്ന് 112 വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഈ വിദ്യാര്‍ഥികളും അകലങ്ങളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കളുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഈ 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 5,40,000 രൂപയുടെ സ്കോളര്‍ഷിപ്പ് ആണ് വിതരണം ചെയ്യുന്നത്. മുഖ്യ വികാരിജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. വികാരിജനറാള്‍ മോണ്‍. ജോളി വടക്കന്‍, മേഴ്സി ട്രസ്റ്റ് സെക്രട്ടറി ഫാ. കിരണ്‍ തട്ട്ല, ജോയിന്റ് സെക്രട്ടറി സിസ്റ്റര്‍ ലിസ മേരി എഫ്സിസി, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ എന്‍.എം. വര്‍ഗീസ് നെടുംപറമ്പില്‍, പൗലോസ് കൈതാരത്ത്, റോസി ചെറിയാന് വാഴപ്പിള്ളി, വിദ്യാര്‍ഥികളുടെ പ്രതിനിധി സ്നേഹ ബാബു എന്നിവര്‍ സംസാരിച്ചു.