വേളൂക്കര പഞ്ചായത്തില്‍ ആരോഗ്യ വണ്ടി പ്രയാണം ആരംഭിച്ചു

വേളൂക്കര പഞ്ചായത്തില്‍ നടന്ന ആരോഗ്യ വണ്ടി പ്രയാണം.
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ആരോഗ്യവണ്ടി പര്യടനം ആരംഭിച്ചു. ജീവിതശൈലീരോഗങ്ങള്‍, ടിബി, കാന്‍സര്‍ തുടങ്ങിയവയുടെ സ്ക്രീനിങ് നടത്തും. പ്രധാന ജംഗ്ഷനുകളില്‍ മൂന്നു ദിവസങ്ങളിലായാണ് പര്യടനം. പര്യടനത്തില്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശങ്ങളും മാലിന്യവിമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തും. ആരോഗ്യകേന്ദ്രം ഇത്തരം ബോധവത്കരണ പരിപാടികള്‍ നടത്തുമ്പോള്‍ എത്താന്‍ സാധിക്കാത്ത ഡ്രൈവര്‍മാര്‍, വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍, മറ്റുള്ളവര്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് പദ്ധതി.
വേളൂക്കര പഞ്ചായത്തിലെ കൊറ്റനല്ലൂര്‍, പട്ടേപ്പാടം, കുതിരത്തടം, കുന്നുമ്മല്‍ക്കാട് എന്നീ പ്രദേശങ്ങളിലാണ് ബോധവല്‍ക്കരണ പരിപാടികളും പരിശോധനകളും നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ വിന്‍സന്റ് കാനംകുടം, ബിബിന്‍ തുടിയത്ത്, സതീഷ്.പി.ജെ, യൂസഫ്.കെ.കെ എന്നിവര്‍ വിവിധ ഇടങ്ങളില്‍ സംസാരിച്ചു. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് നേഴ്സുമാര്‍, എം എല്‍ എസ് പി നേഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനും നേതൃത്വം നല്കി.