കാറ്റില്‍ ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശം; ഇരുപതോളം കേന്ദ്രങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു

ഇരിങ്ങാലക്കുട: കാറ്റില്‍ ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശം, ഇരുപതോളം കേന്ദ്രങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികളില്‍ അധികൃതര്‍. കാറളത്ത് മരങ്ങള്‍ വീണ് ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നു. ഇന്നലെ വൈകീട്ട് ഉണ്ടായ കാറ്റില്‍ മേഖലയില്‍ കനത്ത നാശം. മരങ്ങള്‍ വീണ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ ഇരുപതോളം ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ തകര്‍ന്നിട്ടുണ്ട്.
പടിയൂര്‍ മുഞ്ഞനാട്, എടക്കുളം ഗ്രീന്‍ വാലി, ഐക്കരക്കുന്ന്, അവിട്ടത്തൂര്‍, പുല്ലൂര്‍, ഗാന്ധിഗ്രാം, തുറവന്‍കാട് എന്നിവിടങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നിട്ടുണ്ട്. ഏതാനും കേന്ദ്രങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വൈകീട്ട് നാലരയോടെ ഉണ്ടായ കാറ്റാണ് മേഖലയില്‍ നഷ്ടങ്ങള്‍ വിതച്ചത് . തകര്‍ന്ന വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികള്‍ വൈകീട്ടും നടന്നു വരികയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
കാറളം ചെമ്മണ്ടയില്‍ മരം വീണ് മേക്കാട്ട് അര്‍ജുനന്റെ വീട് മുഴുവനായും തകര്‍ന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാറളത്ത് തന്നെ കാറ്റില്‍ തെങ്ങ് വീണ് മുപ്ലി വീട്ടില്‍ ചന്ദ്രികയുടെ പണിത് കൊണ്ടിരിക്കുന്ന വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കടലായി തെരുവില്‍ വീട്ടില്‍ ജമാലുദ്ദീന്റെ നൂറോളം കുലച്ച നേന്ത്രവാഴകള്‍ നശിച്ചിട്ടുണ്ട്.
