വേട്ടയാടല്‍; മനം മടുത്ത് സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി ബസുടമ

നിര്‍ത്തലാകുന്നത് ഈ റൂട്ടിലെ ഏക ബസ് സര്‍വീസ്
സര്‍വീസ് നിലനിര്‍ത്താന്‍ ഭീമഹര്‍ജിയുമായി നാട്ടുകാര്‍
ഇരിങ്ങാലക്കുട: പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടയാടല്‍ മൂലം മനം മടുത്ത് സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് ദേവമാത ബസുടമ കാറളം സ്വദേശി ആന്റു. സ്വന്തം ബസില്‍ കണ്ടക്ടര്‍ പണി ചെയ്ത് ഉപജീവനം നേടുന്ന വ്യക്തിയാണ് ആന്റു. 37 വര്‍ഷമായി ഡ്രൈവറായും കണ്ടക്ടറായും ബസ് സര്‍വീസ് മേഖലയില്‍ സജീവമാണ്. കരുവന്നൂര്‍- പുത്തന്‍തോട് -തളിയക്കോണം – തേലപ്പിള്ളി -സിവില്‍ സ്റ്റേഷന്- ഇരിങ്ങാലക്കുട -ഗാന്ധിഗ്രാം- ആനുരുളി റൂട്ടിലെ ഏക ബസ് സര്‍വീസാണിത്.
കഴിഞ്ഞയാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കരുവന്നൂര്‍ ഭാഗത്തുനിന്നും മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലേക്ക് തിരിയുന്നതിനിടയില് എതിരെ വന്ന കാര്‍ പെട്ടന്ന് ബ്രേക്കിട്ടു. ഇതോടെ കാര്‍ ഓടിച്ചിരുന്ന വ്യക്തി ഇറങ്ങി വന്ന് ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഡിയോകള്‍ എടുത്തു. ഇറങ്ങിചെന്ന് എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ബഹളം വെക്കുകയും ബസിനുള്ളിലേക്ക് ഓടിക്കയറി ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തു. പരീക്ഷക്കുപോകുന്ന വിദ്യാര്‍ഥികളടക്കം ഈ സമയം ബസിലുണ്ടായിരുന്നു. 25 മിനിറ്റ് നേരം ബസ് നിര്‍ത്തിയിടിച്ചു.
ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്കു പോകേണ്ട രോഗികളും കൂട്ടിരിപ്പുകാരും ഈ ബസില്‍ ഉണ്ടായിരുന്നു. സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കമുള്ളവര്‍ പിന്നീട് ഓട്ടോ വിളിച്ച് പോകേണ്ട അവസ്ഥയുണ്ടായി. തുടര്‍ന്ന് സര്‍വ്വീസ് തുടങ്ങിയപ്പോള്‍ യാത്രക്കാരെ കയറ്റുവാന്‍ സാധിച്ചിരുന്നില്ല. കാര്‍ ഡ്രൈവര്‍ ഇരിങ്ങാലക്കുട പോലീസിലും ഇരിങ്ങാലക്കുട ജോയിന്റ് ആര്ഡിഓക്കും പരാതി നല്കി. ഇതോടെ പോലീസ് സ്റ്റേഷനിലേക്കും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലേക്കും ഇടക്കിടെ വിളിപ്പിക്കലായി.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംഭവം നടന്ന സ്ഥലത്തു വച്ച് പോലീസ് ബസ് തടഞ്ഞു നിര്‍ത്തുകയും പരാതി ഉണ്ടെന്നു അറിയിക്കുകയും യാത്ര തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ബസിലെ സ്ത്രീകളടക്കമുള്ളവര്‍ പോലീസുമായി തര്‍ക്കത്തിലായി. സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെ പോലീസ് പിന്മാറുകയായിരുന്നു. പിന്നീട് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വച്ചും പോലീസ് ബസ് തടഞ്ഞിരുന്നു. പല തവണ ട്രിപ്പുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.
തനിക്കെതിര നല്‍കിയിട്ടുള്ള വ്യാജ പരാതികള്‍ പിന്‍വലിക്കണമെന്നും നിരന്തര വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം മനം മടുത്ത് ബസ് സര്‍വീസ് നിര്‍ത്തുകയാണെന്ന് ബസുടമ ആന്റു പറഞ്ഞു. ഈ റൂട്ടില്‍ വേറൊരു സര്‍വീസില്ല. ഒരു ദിവസം പോലും സര്‍വീസ് മുടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ആന്റു സര്‍വ്വീസ് നിര്‍ത്തുമെന്ന് അറിയിച്ചതോടെ ഈ റൂട്ടിലെ യാത്രക്കാരും നാട്ടുകാരും ഭീമഹര്ജിക്കായി ഒപ്പു ശേഖരണം ആരംഭിച്ചിട്ടുണ്ട്. 9349759532 (ആന്റു)