കുടിവെള്ളം വേണം; നഗരസഭ കൗണ്‍സിലര്‍മാരുടെ മുറവിളി

മന്ത്രിയുടെ ഇടപെടലുകള്‍ ഇല്ലെന്ന് യുഡിഎഫ്,
നഗരസഭയുടെ ഉത്തരവാദിത്തമെന്ന് എല്‍ഡിഎഫ്,
നടപടി സ്വീകരിക്കണമെന്ന് ബിജെപി
ഇരിങ്ങാലക്കുട: നഗരസഭ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടുന്നതില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്പോര് രൂക്ഷമായി. നഗരസഭയുടെ പൊറത്തിശേരി മേഖലയില്‍ രണ്ടു മാസത്തിലേറെയായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ വികസനത്തിനായി റോഡ് പണി ആരംഭിച്ചതോടെയാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി നഗരസഭ അഞ്ച് ലക്ഷം രൂപ ചിലവഴിച്ചതായും ഇനി സര്‍ക്കാര്‍ അനുമതി ലഭിക്കില്ലെന്നും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയാണ് കുടിവെള്ള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. പിന്നീട് കൗണ്‍സില്‍ യോഗത്തില്‍ മൂന്നു ലക്ഷമായി വര്‍ധിപ്പിക്കുകയായിരുന്നു. ഈ തുകയാണ് ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയായത്. ഇനി വരള്‍ച്ചയുടെ ഭാഗമായുള്ള കുടിവെള്ള വിതരണം നടത്തുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി രണ്ടാഴ്ച സാവകാശം വേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു. കളക്ടര്‍ക്ക് കത്ത് നല്കി പ്രത്യേകം അനുമതി വാങ്ങണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കെഎസ്ടിപി റോഡ് പണി ആരംഭിച്ചതോടെയാണ് കുടിവെള്ള വിതരണം സ്തംഭിച്ചതെന്നും മന്ത്രിയുടെയും കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണം നഗരസഭയുടെ ഉത്തരവാദിത്തമാണെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതോടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്പോര് രൂക്ഷമായി. മറ്റിടങ്ങളില്‍ റോഡ് പണി നടക്കുമ്പോള്‍ കുടിവെള്ള വിതരണത്തിനായി പൈപ്പുകണക്ഷനുകള് സ്ഥാപിച്ചതിനു ശേഷമേ റോഡ് പൊളിച്ചിരുന്നുള്ളു. എന്നാല്‍ നഗരസഭാ പരിധിയില്‍ റോഡുകള്‍ ആദ്യം പൊളിക്കുകയാണ് ഉണ്ടായത്. നഗരസഭ ചെയര്‍മാനെ പോലും അറിയിക്കാതെയാണ് മന്ത്രി കെഎസ്ടിപി ഉദ്യോഗസ്ഥരും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നത്. ഏഴു ദിവസത്തിനകം കുടിവെള്ള വിതരണ പൈപ്പുകള്‍ പുനസ്ഥാപിക്കുമെന്നറിയിച്ചിട്ട് അതുണ്ടായില്ലെന്നു യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ വിമര്‍ശിച്ചു.
കുടിവെള്ള വിതരണം നടത്തുന്നതിനായുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷ വഹിച്ചു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, അഡ്വ.കെ.ആര്. വിജയ, സി.സി. ഷിബിന്‍, കെ. പ്രവീണ്‍, അല്‍ഫോണ്‍സ തോമസ്, അംബിക പള്ളിപ്പുറത്ത്, എം.ആര്. ഷാജു, ബിജു പോള്‍ അക്കരക്കാരന്‍, ഷെല്ലി വില്‍സണ്‍, പി.ടി. ജോര്‍ജ്, ജെയ്സണ്‍ പാറേക്കാടന്‍, സോണിയ ഗിരി, ടി.വി. ചാര്‍ളി, സുജ സഞ്ജീവ് കുമാര്‍, ടി.കെ. ജയാനന്ദന് എന്നിവര്‍ സംസാരിച്ചു. മാപ്രാണം ജംഗ്ഷനില്‍ കുടിവെള്ള വിതരണ പൈപ്പുകളിലെ കണക്ഷന് മാറ്റി നല്കുന്ന പണികള്‍ ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല.