ഡോ. സെബാസ്റ്റ്യന്‍ ജോസഫിന് വോയ്സ് ഓഫ് ദി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുരുശ്രേഷ്ഠ പുരസ്കാരം

ഇരിങ്ങാലക്കുട: വോയ്സ് ഓഫ് ദി വേള്‍ഡ് മലയാളി കൗണ്‍സില്‍ നല്കുന്ന പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരം ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്. 26 ന് തിരുവനന്തപുരത്ത് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പുരസ്കാരം സമ്മാനിക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാളം വിഭാഗം അധ്യക്ഷനും അസോസിയേറ്റ് പ്രഫസറുമായി 2020 ല്വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫ് ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ കേരള കേഡര്‍ ഐപിഎസ് ഓഫീസര്‍മാരുടെ മലയാള ഭാഷാപരിശീലകനായി പ്രവര്‍ത്തിച്ചു.
1988 മുതല്‍ ഇന്ത്യയില്‍ ആദ്യമായി മറുനാടന്‍ മലയാളികള്‍ക്കും മറുനാട്ടുകാര്‍ക്കും വേണ്ടി കോയമ്പത്തൂരില്‍ ആരംഭിച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രൂപകല്പന ചെയ്തു. കേരളത്തിനകത്തും പുറത്തും മലയാള ഭാഷയുടെ വളര്‍ച്ചക്കും വ്യാപനത്തിനും നല്കിയ വേറിട്ട സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. കാലിക്കട്ട് സര്‍വ്വകലാശാല സെനറ്റ് അംഗം ആയിരിക്കവേ ഡിഗ്രി, പിജി വിഷയങ്ങളുടെ സിലബസ് നിര്‍മ്മിതിയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഉള്‍പ്പെടാത്ത അധ്യാപകര്‍ക്കും അക്കാദമിക ഇടപെടലിനുള്ള അവസരം ഉറപ്പാക്കണം എന്ന ശ്രദ്ധേയമായ നിര്‍ദ്ദേശം സര്‍വകലാശാല പ്രത്യേക ഉത്തരവിലൂടെ നടപ്പിലാക്കി. ഇത് ഭാഷാ വിഷയങ്ങളുടെ സിലബസ് നിലവാരം മെച്ചപ്പെടുത്തുന്നതില്‍ സഹായകമായി.