ഒമ്പത് വയസുകാരിയായ മകള്‍ക്കു പീഢനം; പിതാവിന് ജീവപരന്ത്യം തടവും പിഴയും

ഇരിങ്ങാലക്കുട: ഒമ്പത് വയസുക്കാരിയായ മകള്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് ജീവപരന്ത്യം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു. 2013 ഏപ്രില്‍ മാസം മുതല്‍ 2016 ഫെബ്രുവരി 21 വരെയുള്ള കാലയളവിനുള്ളില്‍ വാടക വീട്ടില്‍ വെച്ച് മകള്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പോലീസ് ചാര്ജ്് ചെയ്ത കേസില്‍ പ്രതിയായ 48 ക്കാരനെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും 14 സാക്ഷികളേയും 15 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷന് അസിസ്റ്റന്റ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എന്‍.ബി. സാബ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ. സുമേഷ്, എന്‍.എസ്. സലീഷ് എന്നിവര്‍ തുടര്‍ അന്വേഷണം നടത്തി കൊടുങ്ങല്ലൂര്‍ ഇന്‍സെപ്കടര്‍ സിബി ടോം ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിഷിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി ജീവപരന്ത്യം തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ആറ് മാസത്തെ കഠിനതടവിനും കൂടാതെ ബാലാവകാശനിയമപ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിക്ക് നിര്‍ദേശം നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.