ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു , കൂടല്‍മാണിക്യം; ഭക്തിയുടെ നിറവില്‍ സംഗമേശന് കൂടപ്പുഴ കടവില്‍ ആറാട്ട്
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ചാലക്കുടി കൂടപ്പുഴ കടവില്‍ നടന്ന ആറാട്ട്.
ഇരിങ്ങാലക്കുട: ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നുകൊണ്ട് ഭക്തിയുടെ നിറവില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഗമേശന് കൂടപ്പുഴ കടവില്‍ ആറാട്ട്. ഇന്നലെ രാവിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യ സ്വാമിക്ക് കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലികല്ലില് ബലി തൂവി, കൊടിമരത്തിന് പ്രദക്ഷിണം ചെയ്ത് കയ്യിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേയ്ക്കാവാഹിച്ച് ആനപ്പുറത്ത് കയറ്റി കിഴക്കേ ഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. വടകുറുമ്പകാവ് ദുര്‍ഗാദാസന്‍ തിടമ്പേറ്റി. കുളക്കാടന്‍ കുട്ടികൃഷ്ണനും നന്ദിലത്ത് ഗോവിന്ദകണ്ണനും അകമ്പടിയായി. തുടര്‍ന്ന് മൂന്നാനകളുമായി നാദസ്വരത്തിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ സംഗമേശന് ചാലക്കുടി കൂടപ്പുഴയിലേക്ക് ആറാട്ടിനായി യാത്രയായി. ആയിരക്കണക്കിന് ഭക്തജനങ്ങളും ഭഗവാനെ അനുഗമിച്ചിരുന്നു. രാവിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് ഉച്ചക്ക് കൂടപ്പുഴ മനയില്‍ നടത്തിയ പ്രത്യേക പൂജകള്‍ക്കുശേഷം 2.30 ഓടെയാണ് ആറാട്ട് നടന്നത്.
തന്ത്രി നകരമണ്ണ് ഋഷികേഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്ന് പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി. മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദന് നമ്പൂതിരി സഹായിയായിരുന്നു. തുടര്‍ന്ന് മഞ്ഞള്‍പൊടി കൊണ്ട് അഭിഷേകവും പൂജയും നടത്തിയ ശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് പാളപാത്രത്തില്‍ ആറാട്ടു കഞ്ഞി നല്കി. മുതിര പുഴുക്കും മാമ്പഴ പുളിശേരിയും ചെണ്ടുമാങ്ങകറിയും പപ്പടവും കഞ്ഞിയോടൊപ്പം ഉണ്ടായിരുന്നു. ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ്, ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, കൂടപ്പുഴ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് നന്ദകുമാര്‍ ചിറക്കല്‍, കൂടല്‍മാണിക്യ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ ഗോപി എന്നിവര്‍ സന്നിഹിതരായിരുന്നു.
കൂടല്‍മാണിക്യം ക്ഷേത്രോത്സവം സമാപിച്ചു
ആറാട്ട് കഴിഞ്ഞു മടങ്ങിയ ഭഗവാന് നാടു നീളെ വരവേല്‍പ്പ്
ഇരിങ്ങാലക്കുട: ആറാട്ട് കഴിഞ്ഞ് കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്കരിച്ചു. നിറപറയും കത്തിച്ചുവെച്ച വിളക്കുമായാണ് പലരും ഭഗവാനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങളും ആലക്തിക ദീപങ്ങളും തൂക്കിയിരുന്നു. വൈകീട്ട് 5.30 നാണ് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചത്. ആറാട്ട് കഴിഞ്ഞ് രാത്രി തിരിച്ചെത്തുന്ന ഭഗവാന് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയില്‍ സ്വീകരണം നല്കി. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളി.
പഞ്ചാവാദ്യത്തിന് തൃപ്രയാര്‍ രമേശന് മാരാര്‍ പ്രമാണം വഹിച്ചു. പല്ലാട്ട് ബ്രഹ്മദത്തന് തിടമ്പേറ്റി. ആറാട്ടുവിളക്ക് എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലില്‍ എത്തിയതോടെ പാണ്ടിമേളം ആരംഭിച്ചു. പാണ്ടിമേളത്തിന് പെരുവനം ശങ്കരനാരായണ മാരാര്‍ പ്രമാണം വഹിച്ചു. രാത്രി ഒന്നരയോടെ എുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍ പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്കല് അവസാനിപ്പിച്ച് അകത്തേക്ക് കയറി. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിന് പരിസമാപ്തിയായി.
കൂടല്‍മാണിക്യം തിരുവുത്സവം: പ്രവര്‍ത്തിക്കാരെ ആദരിച്ച് സായാഹ്ന കൂട്ടായ്മ
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പാരമ്പര്യ ആചാര അനുഷ്ഠാന ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കാരെ കൂടല്‍മാണിക്യം സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. തന്ത്രി, മേല്‍ശാന്തി പരികര്‍മ്മി, കീഴ്ശാന്തി, മൂത്തത്, കഴകം, മാലക്കഴകം, ചാക്യാര്‍, നമ്പ്യാര്‍, മാരാര്‍, എഴുന്നള്ളിപ്പിന് അകമ്പടി, വിളക്ക്പിടി, ബ്രാഹ്മണി അമ്മ, തീര്‍ത്ഥ മാണി, ചാ ക്യാര്ക്ക് മാറ്റു കൊടുക്കുന്നവര്‍, ദാനം, പുരാണകീര്ത്തനം, നിവേദ്യ പാത്രം കഴുകല്‍, കോപ്പ്, പള്ളിവേട്ട, വെടിവഴിപാട്, നാദസ്വരം, തീവെട്ടി തുടങ്ങി വിവിധ വിഭാഗങ്ങളിലെ 55 ഓം പേര്‍ക്കാണ് ഓണപ്പുടവ നല്കി ആദരിച്ചത്.
ഭഗവാന്റെ തിരുവുത്സവം മം ഗളമാക്കുന്നതിന് പരമ്പരകളായി നിസ്വാര്‍ഥ സേവനമനുഷ്ഠിക്കുന്നവരെ ക്ഷേത്രോത്സവ സമയത്ത് ആദരിക്കുന്ന ചടങ്ങാണ് പള്ളിവേട്ട ശീവേലിക്ക് ശേഷം കിഴക്കേ നടപ്പുരയില്‍ സംഘടിപ്പിച്ചത്. പെരുവനം കുട്ടന് മാരാര്‍, ക്ഷേത്രത്തിലെ മുതിര്‍ന്ന മേല്‍ശാന്തി നീലകണ്ഠന് നമ്പൂതിരി, ശിവദാസ് പള്ളിപ്പാട്ട്, കാരാഴ്മ വേണുഗോപാല്‍, ദിലീപ് കുമാര്‍, കുടപ്പുഴ പരമേശ്വരന് തുടങ്ങിയവര്‍ സായാഹ്ന കൂട്ടായ്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാരെ ആദരിച്ചു. സായാഹ്ന കൂട്ടായ്മ പ്രവര്‍ത്തകരായ നിര്‍മ്മല്‍ രവീന്ദ്രന്, മനു പാറപ്പുറം, ബിബിന്‍ ബാബു, ശ്രീനാഥ് ഉണ്ണികൃഷ്ണന്, ജിജേഷ് കെ. മേനോന്, ശ്രീജിത്ത് എസ്. പിള്ള, ഷിജു എസ്. നായര്‍, ഗണേഷ് ടി. മേനോന്, സുമേഷ് നായര്‍, ജിഷ്ണു, വൈഷ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ഒറ്റമഴയില്‍ ചെളിയിലായി വീടുകള്‍
വി.ഡി സതീശനു വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രകടനം
ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികള്‍ അറസ്റ്റില്‍
കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു