കനത്ത മഴ; തെക്കുംകരയില്‍ മണ്ണിടിച്ചില്‍ വളളിവട്ടത്ത് കിണറിടിഞ്ഞു
ഇരിങ്ങാലക്കുട: കനത്ത മഴയെ തുടര്‍ന്ന് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെതെക്കുംകരയില് മണ്ണിടിച്ചില്‍. പുഞ്ചേപ്പടി പാലപ്രക്കുന്ന് വീട്ടില്‍ സനീഷിന്റെ വീടിന് പുറകു വശത്തായാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. വീട്ടില്‍ മൂന്നു കുട്ടികളടക്കം ആറു പേരാണുള്ളത്. സംഭവ സമയത്ത് സനീഷും ഭാര്യയും മാതാവുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ പാറകള്‍ പ്രദേശത്തേക്ക് ഉരുണ്ടു വീണു. വീടിന്റെ പുറകുവശത്ത് ഷീറ്റിട്ട ഭാഗത്ത് ഭാഗികമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ ജോയ്സണിന്റെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്കി. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയില്‍ വളളിവട്ടത്ത് മുല്ലശേരി വീട്ടിലെ ശാലി സതീഷിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണര്‍ ഇടിഞ്ഞിട്ടുണ്ട്.