ബഫര്‍ സോണ്‍ നയം തിരുത്തുക-കത്തോലിക്ക കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: ജനങ്ങള്‍ വളരെ അധികം ബുദ്ധിമുട്ടുകള്‍ വരുത്തിവക്കുന്ന പുതിയ ബഫര്‍ സോണ്‍ നയം നിര്‍ബന്ധമായും തിരുത്തണമെന്നും അല്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമയി മുന്നോട്ട് പോകുമെന്നും രൂപത കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു. ന്യൂനപക്ഷഭീകരതയും ഭൂരിപക്ഷഭീകരതയും ഒരുപോലെ നാടിന് വിനാശകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മാറിവരുന്ന സര്‍ക്കാരുകളുടെ ക്രൈസ്തവ സമുദായത്തോടുളള അവഗണനയും സത്യം വിളിച്ചുപറയുന്ന മെത്രാന്മാരോടും ആത്മീയ നേതാക്കന്മാരോടുമുളള സമീപനവും സഭാമക്കളില്‍ ഒട്ടേറെ ആശങ്കകള്‍ ഉണ്ടാകുന്നുവെന്ന് യോഗം വിലയിരുത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറനിലം യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, രൂപത ഡയറക്ടര്‍ ഫാ. പോളി പടയാട്ടി, രൂപത ജനറല്‍ സെക്രട്ടറി ഡേവീസ് ഊക്കന്‍, വൈസ് പ്രസിഡന്റ് റീന ആന്റണി തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിമാരായ ജോസ്കുട്ടി, ബെന്നി ആന്റണി, റിന്സണ് മണവാളന് ക്ലാസ് നയിച്ചു.