സിപിഎം ചതിച്ചു, കരുവന്നൂർ ബാങ്ക് മുൻ ഡയറക്ടർമാരുടെ വെളിപ്പെടുത്തൽ
ഠ ബലിയാടാക്കിയെന്ന് സിപിഐ പ്രതിനിധികൾ
ഠ സിപിഐ നേതാക്കളും സഹായിച്ചില്ല
ഠ ഇഡി അന്വേഷണം ശരിയായ ദിശയിൽ
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മുൻ ഡയറക്ടർമാരുടെ വെളിപ്പെടുത്തൽ. സിപിഎം ചതിച്ചെന്ന് ഡയറക്ടർ ബോർഡിലെ സിപിഐ അംഗങ്ങളായിരുന്ന ലളിതനും സുഗതനും.
വലിയ നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടാക്കി. വലിയ വായ്പകൾ പാസാക്കിയത് ഭരണസമിതി അറിഞ്ഞിട്ടില്ല. അഞ്ചുലക്ഷത്തിനു മുകളിലുള്ള വായ്പകൾ രഹസ്യമായാണു പാസാക്കിയത്. പ്രസിഡന്റ് മാത്രം ഒപ്പിട്ടു മിനിറ്റിൽ എഴുതിച്ചേർത്തു. ബാങ്ക് സെക്രട്ടറി സുനിൽ കുമാർ, ബിജു കരിം എന്നിവർക്ക് എല്ലാമറിയാമായിരുന്നു. തട്ടിപ്പു തിരിച്ചറിഞ്ഞു പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. ജയിലിൽനിന്ന് ഇറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും അവഗണിച്ചെന്നും ലളിതനും സുഗതനും പറഞ്ഞു.
ഇവരിൽനിന്നു പത്തുകോടി ഈടാക്കാനാണു സഹകരണ വകുപ്പ് തീരുമാനം. സിപിഎം ജില്ലാക്കമ്മിറ്റി അംഗമായിരുന്ന സി.കെ. ചന്ദ്രനായിരുന്നു ബാങ്കിലെ പാർട്ടി നിയന്ത്രണമെന്നും ഇരുവരും ആരോപിച്ചു. ഇഡി അന്വേഷണം ശരിയായ ദിശയിലാണ്. സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നെന്നും ഇവർ പറഞ്ഞു. മൂന്നുപേരാണു സിപിഐ പ്രതിനിധികളായി കരുവന്നൂർ ബാങ്ക് ഡയറക്ടർ ബോർഡിലുണ്ടായിരുന്നത്. കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന ഭയത്തിലാണു ഭരണസമിതിയംഗങ്ങളെന്നും ഇവർ പറഞ്ഞു.
കരുവന്നൂർ: വൻ നിക്ഷേപം പിൻവലിച്ചവരിലേക്കും ഇഡി അന്വേഷണം
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കൂടുതൽ നേതാക്കൾ സംശയനിഴലിൽ. തട്ടിപ്പ്, കള്ളപ്പണ ഇടപാട് എന്നിവ അന്വേഷിച്ച ക്രൈംബ്രാഞ്ചിനു മുൻ എംപിയുൾപ്പെടെയുള്ളവരുടെ പങ്ക് വ്യക്തമായെങ്കിലും ഒതുക്കി. കേസിലെ മുഖ്യ പ്രതികളായിരുന്ന ബാങ്ക് മാനേജർ ബിജു കരീം, പി.പി. കിരണ് എന്നിവരാണു നേതാക്കളുടെ പങ്കു വ്യക്തമാക്കിയത്. രാഷ്ട്രീയ സമ്മർദം കാരണം ക്രൈംബ്രാഞ്ച് പൂഴ്ത്തി. പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി കുറ്റപത്രം നൽകുന്പോൾ ഇക്കാര്യം കാട്ടേണ്ടതിനാൽ കുറ്റപത്രവും വൈകിച്ചു. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് അന്വേഷണവും കുറ്റപത്രവും വൈകുന്നതെന്നായിരുന്നു വിശദീകരണം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഇരിങ്ങാലക്കുടയിലെ എം.വി. സുരേഷ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. രേഖകൾ ഇഡിയുടെ പക്കലായതിനാൽ നിർവാഹമില്ലെന്നായിരുന്നു 2022 നവംബർ നാലിനു ക്രൈംബ്രാഞ്ച് നൽകിയ വിശദീകരണം. പാലക്കാട് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ഇപ്പോൾ അന്വേഷണം. ഇഡി നടത്തിയ അന്വേഷണത്തിലാണു വീണ്ടും ബിജു കരീമും പി.പി. കിരണും നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. പല പ്രാദേശിക നേതാക്കളും സംശയനിഴലിലായി. സിപിഎം നേതാക്കൾക്കെതിരേ പേരിനുമാത്രം നടപടി സ്വീകരിച്ചു.
ബാങ്ക് തകരുമെന്ന സാഹചര്യം മനസിലാക്കി ഉന്നത രാഷ്ട്രീയബന്ധമുള്ളവരുടെ നിക്ഷേപം പിൻവലിക്കാൻ അവസരം നൽകിയെന്നും കണ്ടെത്തിയിരുന്നു. 7500 സാധാരണ നിക്ഷേപകർ പ്രതിസന്ധിയിലാക്കി വൻ നിക്ഷേപമുണ്ടായിരുന്നവർ 2020നു മുന്പ് തുകകൾ പിൻവലിച്ചു. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ബാങ്കിന്റെ റബ്കോ ഇടപാടിലെ തട്ടിപ്പിനെക്കുറിച്ചു സിപിഎമ്മിനു 2011ൽ പരാതി കിട്ടി. രണ്ടംഗ കമ്മീഷൻ തട്ടിപ്പു സ്ഥിരീകരിച്ചെങ്കിലും നടപടിയെടുത്തില്ല.2015ൽ അടുത്ത പരാതി കിട്ടി. ഇതും അവഗണിച്ചു. 2016ൽ വീണ്ടും രേഖാമൂലം ജീവനക്കാരൻ പരാതി നൽകിയെങ്കിലും പാർട്ടിയിൽനിന്നും ജോലിയിൽനിന്നും പുറത്താക്കി. 2017ൽ തട്ടിപ്പു രൂക്ഷമായി. അഞ്ചുവർഷത്തിൽ അഞ്ഞൂറിൽതാഴെ നിക്ഷേപകർ 200 കോടിയാണു പിൻവലിച്ചത്. ജില്ലയ്ക്കു പുറത്തുള്ളവരും ഇവരിലുണ്ട്. 7500 നിക്ഷേപകരുടെ 300 കോടിയാണ് പ്രതിസന്ധിയിലായത്.
ഠ പാർട്ടി ചതിച്ചെന്നു അമ്പിളിയും മിനിയും
ഠ പി.കെ. ബിജു അന്വേഷണക്കമ്മീഷനിൽ ഉൾപ്പെട്ടയാൾ
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ പാർട്ടി ചതിക്കുകയായിരുന്നെന്നു വനിതാ ഭരണസമിതി അംഗങ്ങളും. അറിവില്ലായ്മ ചൂഷണം ചെയ്ത് കടലാസുകളിൽ ഒപ്പിടീക്കുകയായിരുന്നെന്ന് ബാങ്കിലെ സിപിഎം അംഗമായിരുന്ന അന്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും. പി.കെ. ബിജു ഉൾപ്പെട്ട അന്വേഷണക്കമ്മീഷൻ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. തൃശൂരിൽ വിളിച്ചുവരുത്തിയാണു മൊഴിയെടുത്തത്. ഇപ്പോൾ വിയ്യൂർ ജയിൽവഴി പോകുന്പോൾ ഭയമാണ്. ചായക്കാശുപോലും കൈപ്പറ്റാത്തവരെ പ്രതിയാക്കുകയായിരുന്നെന്നും ജീവനൊടുക്കുകയല്ലാതെ മാർഗമില്ലെന്നും ഇരുവരും പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് വരുന്പോഴാണു തട്ടിപ്പു മനസിലായത്. ബാങ്കിൽ പോകുന്പോൾ കടലാസുകൾ കാട്ടി ഒപ്പിടാൻ സെക്രട്ടറി ആവശ്യപ്പെടും. വായ്പകൾ പാസാക്കാനുണ്ടെന്നാണു പറയുക. അവ പരിശോധിക്കാൻ അനുവദിക്കില്ല. ഇതു ബാങ്കിലെ കീഴ്വഴക്കമാണ്. കടലാസിൽ ഒന്നുമെഴുതാത്ത ഭാഗങ്ങളെക്കുറിച്ചു ചോദിച്ചാൽ അടിയന്തര ലോണ് ആവശ്യം വന്നാൽ നിങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ എഴുതിച്ചേർക്കാനാണെന്നായിരുന്നു മറുപടി. ബാങ്കിന്റെ അധികാരം തനിക്കാണെന്നും പാർട്ടി നേതൃത്വത്തിലുള്ള വ്യക്തിയാണെന്നും വഴിയിൽകൂടി നടത്തില്ലെന്നും സെക്രട്ടറി സുനിൽകുമാർ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇരുവരും പറഞ്ഞു. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് 58 ദിവസം ജയിലിൽ കഴിഞ്ഞവരാണിവർ.