മദ്യപാനത്തിനിടയില്‍ തര്‍ക്കം സഹോദരനെ കൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍

പ്രതി വിഷ്ണു.
ആനന്ദപുരം: മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തിനിടയില്‍ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ആനന്ദപുരം കള്ളു ഷാപ്പില് വെച്ചാണ് സംഭവത്തിന് തുടക്കം. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്ന് പോലീസ് പറഞ്ഞു. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ പരേതനായ സുധാകരന് മകന് യദുകൃഷ്ണനാണ് (30) മരണപ്പെട്ടത്. സംഭവത്തില്‍ സഹോദരനായ കാക്ക വിഷ്ണുവെന്ന് വിളിക്കുന്ന വിഷ്ണു(32) വിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി ഏഴു മണിയോടെ ആനന്ദപുരം കള്ളു ഷാപ്പില് വെച്ച് യദുകൃഷ്ണയും സഹോദരനായ കാക്ക വിഷ്ണുവെന്ന് വിളിക്കുന്ന വിഷ്ണുവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
തര്‍ക്കം രൂക്ഷമായപ്പോള്‍ കള്ളു ഷാപ്പിലുണ്ടായിരുന്ന ചില്ല് കുപ്പിയും പലകയുമെടുത്ത് വിഷ്ണു യദുകൃഷണനെ തലയില്‍ അടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പുതുക്കാട് പോലീസ് സ്ഥലത്തെത്തുകയും യദുകൃഷ്ണനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് യദുകൃഷ്ണ മരിച്ചത്. യദുകൃഷ്ണന് ഏറെ നാള് വിദേശത്തായിരുന്നു ഇപ്പോള്‍ നാട്ടിലുണ്ടെങ്കിലും തിരികെ പോകുന്നതിനായുള്ള കാര്യങ്ങള്‍ ഒരുക്കുന്നതിനിടയിലാണ് സംഭവം നടന്നത്. യദുകൃഷണന് അവിവാഹിതനാണ്.
മുമ്പും നിരവധി തവണ സഹോദരങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി വിഷ്ണുവിനെ ആനന്ദപുരം പാടത്ത് നിന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. വിഷ്ണുവിന് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നീ മൂന്നു ക്രിമിനല്‍ കേസുകളുണ്ട്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ.കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നിര്‍ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, പുതുക്കാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സജീഷ് കമാര്, സബ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ്.എന്‍, കൃഷ്ണന്, ലിജു, സുധീഷ്, ലാലു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സുജിത്ത്, അജി, ഷഫീക്ക്, ദീപക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനീഷ്, കിഷോര്‍, നവീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
