ആനീസ് കൊല ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം, പ്രതികള്‍ ഇന്നും കണാമറയത്ത്
നാടിനെ നടുക്കിയ ആ കൊലപാതകം
ആനീസ് കൊല ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം, പ്രതികള്‍ ഇന്നും കണാമറയത്ത്
രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്യല്‍… ഒരു ലക്ഷത്തിനുമുകളില്‍ ഫോണ്‍ കോളുകള്‍ പരിശോധന….വീടിനു സമീപത്തെ കിണറുകള്‍ വറ്റിച്ചും കാടുകള്‍ വെട്ടിതെളിച്ചും പരിശോധന….. ആറ് ഇതര സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം എത്തി….എന്നിട്ടും ഒരു തെളിവും ലഭിച്ചില്ല
സിബിഐ വരുമോ ? ഡിസംബര്‍ ആറിന് അറിയാം…
ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ ആനീസ് കൊലക്കേസിലെ പ്രതി ആര്….? ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു ഇനിയും ഫലം കണ്ടെത്താനായിട്ടില്ല. 2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. ചുരുളഴിയാത്ത കൊലപാതകത്തിന് ഇന്ന് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും കൊലയാളി അഥവാ കൊലയാളിസംഘം അജ്ഞാതരായി കഴിയുന്നു.
2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. രണ്ടായിരത്തിലധികം പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സമീപവാസികളും ബന്ധുക്കളും ഭര്‍ത്താവിന് ബിസിനസ് രംഗത്ത് ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. ഇവരുടെയെല്ലാം ഫോണ്‍ കോളുകള്‍ പരിശോധിക്കുമ്പോള്‍ ഒരു ലക്ഷത്തിനുമുകളില്‍ വരും. ആനീസിന്റെ ഫോണിലേക്കു വന്ന ഫോണ്‍ കോളുകളും ഇതിലുള്‍പ്പെടും. എന്നിട്ടും ഒരു തുമ്പും ലഭിച്ചില്ല.
കവര്‍ച്ച ചെയ്യപ്പെട്ട വളകളും കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങളോ കണ്ടെടുക്കുന്നതിനു വേണ്ടി സമീപത്തു കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങള്‍ വെട്ടിതെളിച്ചു. സമീപത്തെ കിണറുകളും വറ്റിച്ചു ഒന്നും കിട്ടിയില്ല. മേഘാലയ, നാഗലാന്റ് അടക്കം എട്ട് സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം എത്തി. മാര്‍ക്കറ്റില്‍ ഇവരുടെ ഇറച്ചി വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണിത്.
കേരളത്തില്‍ സമാനമായ രീതിയില്‍ നടന്ന കോതമംഗലം, പേരാമ്പ്ര തുടങ്ങി 15 ഓളം കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി നോക്കിയെങ്കിലും വ്യക്തത ലഭിച്ചില്ല. ബാങ്കില്‍ സ്വര്‍ണം പണയം വച്ചവരും പണയം എടുത്തവരും സ്വകാര്യസ്ഥാപനങ്ങളിലടക്കം ക്രയവിക്രയം നടത്തിയവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
എല്ലാം ഒരു ഞെട്ടല്‍ പോലെ………….
ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണ വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണു വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തു കയറിനോക്കിയപ്പോഴാണു രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ആനീസിനെ കണ്ടത്. ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താന്‍ തെരഞ്ഞെടുക്കാത്ത സമയമാണു ആനീസ് കൊലക്കേസിലുണ്ടായിരിക്കുന്നത്.
ഒരു തെളിവു പോലും ഇതുവരെയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണ കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന സൂചനകളോ തുമ്പുകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഈ കേസുകളില്‍ സഹായകമായിട്ടില്ല. ഇതു ബോധപൂര്‍വം ചെയ്തതാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന കാര്യത്തില്‍ ആശയകുഴപ്പമുണ്ട്.
നിര്‍ണായകം തലമുടി….
വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നും പ്രതിയിലേക്ക് നയിക്കുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സംഭവസ്ഥലത്തു നിന്നും ലഭിച്ച തലമുടി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ തലമുടി ഡിഎന്‍എ പരിശോധനക്ക് നല്‍കിയിരുന്നുവെങ്കിലും വ്യക്തത ലഭിച്ചിരുന്നില്ല. കൂടുതല്‍ വ്യക്തത ലഭിക്കുന്ന പരിശോധനയായ മൈറ്റോാന്ഡ്രിയല് പരിശോധനക്ക് ഈ തലമുടി വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിച്ചാല്‍ നിരീക്ഷണത്തിലുള്ളവരുടെ ഡിഎന്‍എ യുമായി താരതമ്യപ്പെടുത്തി അന്വേഷണം കൂടുതല്‍ സുഗമമാക്കും. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിലാണ് ഇതിന്റെ പരിശോധന നടക്കുന്നത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവു പറ്റിയതിനാലാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
സിബിഐ വരുമോ ?
കേസന്വേഷണം സിബിഐക്ക് വിടണമെന്നുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊല്ലപ്പെട്ട ആലീസിന്റെ മകന് അന്തോണീസ് നല്കിയ ഹര്‍ജി ഡിസംബര്‍ നാലിന് പരിഗണിക്കും. രണ്ട് മാസം മുമ്പാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിയില്‍ ഇതിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പത്തംഗ സ്ക്വാഡാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.